മാൻവെട്ടത്തെ മോഷണം: അന്വേഷണം ഊര്‍ജിതമാക്കിയെന്നു പോലീസ്
1564482
Tuesday, June 3, 2025 5:55 AM IST
കടുത്തുരുത്തി: മാന്‍വെട്ടത്ത് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവനും 25,000 രൂപയും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്.
സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാവിനെ സംബന്ധിച്ചു സൂചിനകള് ലഭിച്ചതായി പോലീസ് പറയുമ്പോഴും ഇതില്‍ എത്രമാത്രം വ്യക്തതയുണ്ടെന്ന് അറിയില്ല. രണ്ടു ദിവസത്തിനുള്ളില്‍ മോഷ്ടാവിനെ സംബന്ധിച്ചു വിവരങ്ങള്‍ ലഭ്യമാക്കാമെന്നാണ് പോലീസ് പറയുന്നത്.
മാന്‍വെട്ടം നെടുംതുരുത്തി മ്യാലില്‍ എന്‍.ജെ. ജോയിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. നഷ്ടപ്പെട്ടെന്നു കരുതിയ എടിഎം കാര്‍ഡ് ഇന്നലെ വീട്ടില്‍നിന്നു കണ്ടുകിട്ടി.
വെള്ളിയാഴ്ച രാവിലെ ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സ ആവശ്യത്തിനായി ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയില്‍ പോയിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെ ജോയി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.