മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഇസിഎച്ച്എസ്എം പ്രഖ്യാപനവും ഉദ്ഘാടനവും നാളെ
1533277
Sunday, March 16, 2025 2:26 AM IST
മുണ്ടക്കയം: വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്ന ഇസിഎച്ച്എസിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും എംപാനലായി. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് മുണ്ടക്കയം മേഖലാ യൂണിറ്റിന്റെ ശ്രമഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ പത്തിന് ആശുപത്രി അങ്കണത്തിൽ ബ്രിഗേഡിയർ എം.ഡി. ചാക്കോ നിർവഹിക്കും. എക്സ് സർവീസ് ലീഗ് കോട്ടയം ജില്ലാ ഭാരവാഹികൾ, ആശുപത്രി അധികൃതർ തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ മേഖലാ യൂണിറ്റ് പ്രസിഡന്റ് കെ.ടി. ഏബ്രഹാം, യൂണിറ്റ് സെക്രട്ടറി ആന്റണി ജോസഫ് കോഴിമല, ജോയിന്റ് സെക്രട്ടറി ജോസ് ജോസഫ്, ട്രഷറർ എം.കെ. ചാക്കോ മലമാക്കൽ, സോജൻ ജേക്കബ്, വിജയൻ, പി.എസ്. നസീർ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ജെബിൻ ഏബ്രഹാം എന്നിവർ പങ്കെടുത്തു.