ദര്‍ശന നാടകമത്സരം: സമ്മാനദാനം ഇന്ന്
1532979
Saturday, March 15, 2025 12:02 AM IST
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 14-ാമത് ദര്‍ശന അഖിലകേരള പ്രഫഷണല്‍ നാടകമത്സരത്തിന്റെ സമ്മാനദാനം ഇന്നുച്ചകഴിഞ്ഞു മൂന്നിനു ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കും. സിനിമാ നടന് മോഹന്‍ അയിരൂര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ അധ്യക്ഷതവഹിക്കും. തേക്കിന്‍കാട് ജോസഫ് നാടക അവലോകനം നടത്തും. കലാരത്ന ആര്‍ട്ടിസ്റ്റ് സുജാതന്‍, പ്രേംപ്രകാശ്, ജോയി തോമസ്, ജോഷി മാത്യു, പി.കെ. ആനന്ദക്കുട്ടന് എന്നിവര്‍ പ്രസംഗിക്കും. ഒന്നാംസ്ഥാനത്തിന് അര്‍ഹമായ അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം എന്ന നാടകത്തിന് 25,000 രൂപയും മുകളേല്‍ ഫൗണ്ടേഷന് എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ പാലാ കമ്യൂണിക്കേഷന്‍സിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ നാടകത്തിന് 20,000 രൂപയും ജൂബിലി ഹീറോ ട്രോഫിയും പ്രശസ്തിപത്രവും ജനപ്രിയ നാടകത്തിന് അര്‍ഹമായ ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന് മറ്റത്തില്‍പറമ്പില്‍ ഫ്യൂവല്‍സ് അവാര്‍ഡും ലഭിക്കും.
അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം, പാലാ കമ്യൂണിക്കേഷൻസിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്ത സുരേഷ് ദിവാകരന് മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനായി. നല്ല നടനുള്ള കോട്ടയം അച്ചന്‍കുഞ്ഞ് അവാര്‍ഡ് അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം എന്ന നാടകത്തിലെ റഷീദ് മുഹമ്മദ് കരസ്ഥമാക്കി. നല്ല നടിക്കുള്ള വിജയന് നായര്‍ അവാര്‍ഡ് രണ്ടു പേര് പങ്കിട്ടെടുത്തു. കാളിദാസകലാകേന്ദ്രത്തിന്റെ അച്ഛന് എന്ന നാടകത്തിലെ രാജി കനകവല്ലി, ഗാന്ധിഭവന് തിയറ്റേഴ്സിന്റെ യാത്ര എന്ന നാടകത്തിലെ സീതമ്മ വിജയന് എന്നിവരാണ് അവാര്‍ഡ് പങ്കിട്ടത്. ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന് എന്ന നാടകത്തിലെ കലാഭവന്‍ ബ്രജീഷ് മികച്ച ഹാസ്യനടനുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡിന് അര്‍ഹനായി.
മികച്ച രചനയ്ക്കുള്ള പാലാ കെ.എം. മാത്യു ഫൗണ്ടേഷന് അവാര്‍ഡ് കെ.സി. ജോര്‍ജ് കട്ടപ്പന ( സത്യമംഗലം ജംഗ്ഷന്-ഓച്ചിറ സരിഗ) കരസ്ഥമാക്കി. മികച്ച സംഗീത സംവിധായകനുള്ള കുമരകം രാജപ്പന് അവാര്‍ഡിന് കേരളപുരം ശ്രീകുമാര്‍ (സത്യമംഗലം ജംഗ്ഷന്- ഓച്ചിറ സരിഗ) അര്‍ഹനായി. മികച്ച രണ്ടാമത്തെ നടനുള്ള വിശ്വസാരഥി അവാര്‍ഡിന് പാലാ കമ്യൂണിക്കേഷൻസിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന നാടകത്തിലെ ഖാലിദ് കെടാമംഗലം കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ നടിയായി അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം എന്ന നാടകത്തിലെ ജൂലി ബിനു റാണി റൈസ് അവാര്‍ഡിന് അര്‍ഹയായി. മികച്ച രംഗസജ്ജീകരണത്തിനുള്ള അവാര്‍ഡ് രാഹുല്‍, സജീവന്, അഭയന് (അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം) എന്നിവര്‍ പങ്കിട്ടെടുത്തതായും ദര്‍ശന സംസ്കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ അറിയിച്ചു.