നടപ്പുസമരവുമായി ശ്രീജിത്ത് പാലായിലും
1513827
Thursday, February 13, 2025 11:51 PM IST
പാലാ: സഹോദരന്റെ മരണത്തിനു കാരണക്കാരായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് കേരളം മുഴുവന്‍ നടന്നു പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പാലായിലുമെത്തി. സെക്രട്ടേറിയേറ്റിനു മുന്നില്‍ ദീര്‍ഘകാലം സമരം ചെയ്തതിനു ശേഷമാണ് ശ്രീജിത്ത് നടപ്പുസമരം നടത്തുന്നത്. മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ സഹോദരന് ശ്രീജീവ് 2014 മേയിലാണ് ലോക്കപ്പില്‍ മരിക്കുന്നത്.
സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ സമരരീതി തെരഞ്ഞെടുത്തത്. ഇവര്‍ക്കെതിരായ നടപടിക്ക് തടസമായ ഹൈക്കോടതി സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. പോലീസ് അന്വേഷണം അട്ടിമറിച്ചത് സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാന്‍ കാരണമായെന്നും ശ്രീജിത്ത് പറയുന്നു. പോലീസുകാര്‍ മര്‍ദിച്ചു കൊന്നതാണെന്നാണ് ശ്രീജിത്തിന്റെ പരാതി.
ദക്ഷിണമേഖല എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും അന്വേഷണത്തില്‍ ഫലം കണ്ടില്ല. സുപ്രീംകോടതിയില്‍ കേസുമായി മുന്നോട്ടുപോകാനാണ് ശ്രീജിത്തിന്റെ തീരുമാനം.