വൈക്കം നഗരസഭാ കൃഷിഭവൻ ആരംഭിച്ച ‘വിത്ത് കലം’ പദ്ധതി ശ്രദ്ധേയമാകുന്നു
1513791
Thursday, February 13, 2025 7:58 AM IST
വൈക്കം: അന്യംനിന്നു പോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിനായി വൈക്കം നഗരസഭാ കൃഷിഭവൻ ആരംഭിച്ച വിത്ത് കലം എന്ന പദ്ധതി ശ്രദ്ധേയമാകുന്നു.
വൈക്കം കൃഷിഭവനു കീഴിൽ കൃഷി ചെയ്യുന്ന കർഷകർ അവരുടെ വിളവിൽനിന്ന് കൃഷിഭവനിലേക്ക് ഒരു ഭാഗം വിത്തിനായി നൽകും. അത് കൃഷിഭവനിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകലത്തിൽ നിക്ഷേപിച്ചു കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി.
സൗജന്യമായി വിത്ത് കൃഷിഭവനെ ഏൽപ്പിക്കുന്ന കർഷകരുടെ ഫോട്ടോ സഹിതം കർഷക ഗ്രൂപ്പുകളിൽ ഇടും. നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും കർഷകർ തമ്മിലുള്ള സൗഹൃദം വർധിപ്പിക്കുന്നതിനും വിത്തുകലം പദ്ധതി സഹായകമായതായി കർഷകരും കൃഷിഭവൻ അധികൃതരും പറയുന്നു.