വണ്ടിപ്പേട്ട-കുമരങ്കരി റോഡിന് എട്ടു കോടി
1481213
Friday, November 22, 2024 7:59 AM IST
ചങ്ങനാശേരി: പറാല്‍-കുമരങ്കരി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് ഡിസൈന്‍ ചെയ്യാന്‍ നാഷണല്‍ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറി പിഡബ്ല്യുഡി ഡിസൈന്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ ഉത്തരവായി.
വെള്ളക്കെട്ടും, ശക്തി കുറഞ്ഞ കളിമണ്‍ മിശ്രിതത്തിന്റെ സാന്നിധ്യവും ഭാരമേറിയ വാഹനങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുമ്പോള്‍ റോഡ് താഴുന്നതും നെല്‍പ്പാടങ്ങള്‍ക്ക് ഇടയിലൂടെ പോകുന്നതും തുടങ്ങി റോഡിന്റെ പ്രത്യേക ഘടനയും സാഹചര്യവും കണക്കിലെടുത്താണ് ഡിസൈന്‍ വിഭാഗത്തില്‍നിന്ന് പ്രവൃത്തി നാഷണല്‍ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറി ഉത്തരവായത്.
എട്ടുകോടി രൂപ വകയിരുത്തിയാണ് റോഡ് നവീകരണം നടത്തുന്നതെന്നും അതിനാല്‍ത്തന്നെ എല്ലാ തരത്തിലും വളരെ മികവാര്‍ന്ന രീതിയില്‍ ശാസ്ത്രീയമായി ചെയ്ത് ഈ റോഡ് സംരക്ഷിക്കേണ്ടത് ഒരു പ്രദേശത്തിനുവേണ്ടി ചെയ്യേണ്ട ഏറ്റവും അത്യാവശ്യമായ കാര്യമാണെന്നും ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. മികച്ച രീതിയില്‍ പറാല്‍ പ്രദേശത്ത് മുമ്പ് എങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള വികസനമാണ് ഉണ്ടാകുന്നത്. അതിനുള്ള നടപടി ക്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ പിഡബ്ല്യുഡി നിരത്ത് വിഭാഗം റിപ്പോര്‍ട്ട് തയാറാക്കി ഡിസൈന്‍ വിഭാഗത്തിനു നല്കി. റിപ്പോര്‍ട്ട് പരിശോധിച്ച് റോഡിന്റെ പ്രത്യേകത മനസിലാക്കി ഡിസൈന്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ അത് എന്എച്ച്ആര്ഐക്ക് നല്‍കുകയായിരുന്നു.