റോഡില്‍ കരിങ്കല്ലുകള്‍ നിരത്തിയിട്ടിരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു
1481206
Friday, November 22, 2024 7:59 AM IST
കടുത്തുരുത്തി: വാഹനത്തിരക്കേറിയ റോഡില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ച ശേഷം മൂടിയ കുഴിയുടെ മുകളില്‍ കൂറ്റന്‍ കരിങ്കല്ലുകള്‍ നിരത്തിയിട്ടിരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു.
കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ കുരിശുപള്ളിക്കു സമീപത്താണ് കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ടെലികോം കമ്പിനിയുടെ ഫൈബര്‍ കേബിൾ സ്ഥാപിക്കുന്നതിനായി റോഡില്‍ ഏതാനും മീറ്ററുകള്‍ അകലത്തില്‍ കുഴിയെടുത്ത ശേഷം റോഡ് കീറാതെ തുരന്നാണ് കേബിളുകള്‍ സ്ഥാപിക്കുന്നത്.
ഇതിന്റെ ഭാഗമായി കടുത്തുരുത്തി ടൗണില്‍ എടുത്ത കുഴി മൂടിയപ്പോഴാണ് വലിയ കരിങ്കല്ലുകള്‍ മുകളില്‍ നിരത്തിയത്. തോട്ടുവാ, ഞീഴൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഏറ്റുമാനൂര്‍-വൈക്കം റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് അപകട ഭീഷണിയുയര്‍ത്തി കല്ലുകള്‍ കിടക്കുന്നത്.
ഇതുമൂലം റോഡിന്റെ വീതിയും നഷ്ടപ്പെട്ടിരിക്കുകയാണ്. വൈക്കം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കല്ലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ റോഡിന്റെ മധ്യഭാഗം കടന്നാണ് സഞ്ചരിക്കേണ്ടി വരുന്നത്. ഇത് എതിര്‍ദിശയില്‍നിന്നുള്ള വാഹനങ്ങളുടെ സഞ്ചാരത്തിന് തടസമാകുന്നു. കൂടാതെ വലിയ അപകടഭീഷണിയും ഉണ്ടാക്കുകയാണ്.
കല്ലുകള്‍ നീക്കി റോഡിലെ അപകടഭീഷണി ഓഴിവാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ടാക്സി ഡ്രൈവര്‍മാരും ആവശ്യപ്പെട്ടു. റോഡില്‍ പലയിടത്തും സമാന സാഹചര്യങ്ങള്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.