വയനാട് പുനരധിവാസം : പ്രളയബാധിതര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ
1481329
Saturday, November 23, 2024 5:20 AM IST
കോട്ടയം: വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടവര്‍ക്കു തൊഴില്‍ സംരംഭങ്ങള്‍ ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്‍പ്പെട്ട 503 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക കൈമാറിയത്. രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം നേതൃത്വം നല്കുന്ന സഭാതല പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സര്‍വീസില്‍ നിന്ന് 77 ലക്ഷം രൂപ പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, തയ്യല്‍, ഡിടിപി, വര്‍ക്ക്ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്സറി എന്നിങ്ങനെ വിവിധതരം തൊഴില്‍ യൂണിറ്റുകള്‍ക്കായാണ് വിതരണം ചെയ്തത്.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ശ്രേയസ്, ജീവന എന്നീ സ്ഥാപനങ്ങളിലൂടെയാണ് പരിശീലനം നല്കിയതിനുശേഷം വരുമാന പദ്ധതികള്‍ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയത്.
കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ വയനാട്ടിലെ 925 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം ബാങ്ക് അക്കൗണ്ടില്‍ നല്‍കിയിരുന്നു.
കെസിബിസി ഏറ്റെടുത്തിട്ടുള്ള 100 ഭവനങ്ങളുടെ നിര്‍മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനും അനുമതി നേടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് കെഎസ്എസ്എഫ് സെക്രട്ടറി അറിയിച്ചു.