ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ
1481203
Friday, November 22, 2024 7:41 AM IST
വൈക്കം: ദക്ഷിണ കാശിയിൽ നാളെ പുണ്യാഷ്ടമി. ലക്ഷദീപങ്ങൾക്ക് മിഴി തുറക്കുവാൻ സമയമായി. പ്രഭാത സൂര്യന്റെ പൊൻ കിരണങ്ങൾ ഭഗവാന്റെ സ്വർണധ്വജത്തിൽ വർണങ്ങൾ വിതറുന്ന ധന്യ മുഹൂർത്തം.
ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങൾ കൂപ്പുകൈയായി ഉയരുന്ന മുഹൂർത്തത്തിൽ വൈക്കത്ത് പെരും തൃക്കോവിലപ്പന്റെ സർവാഭരണ വിഭൂഷിതമായ മോഹനരൂപം ദർശിച്ച് സായൂജ്യം നേടുവാൻ ആയിരങ്ങൾ വൈക്കം ക്ഷേത്രത്തിലെത്തും .രാവിലെ 3.30ന് നട തുറന്ന് ഉഷപൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30നാണ് അഷ്ടമി ദർശനം.
മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് തപസനുഷ്ഠിച്ച വ്യാഘ്രപാദമഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീ സമേതനായി ദർശനം നല്കി അഭീഷ്ട വരം കൊടുത്ത് അനുഗ്രഹിച്ച മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം കൊണ്ടാടുന്നത്. ഈ ദിവസം പ്രഭാതം മുതൽ പ്രദോഷം വരെ വൈക്കത്തപ്പനെ ദർശനം നടത്തുന്ന ഭക്തർക്ക് ഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
വരവേല്പ് പന്തലുകൾ ഒരുങ്ങി
വൈക്കം: വൈക്കത്തഷ്ടമി നാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനെ വരവേല്ക്കുന്നതിനായി വരവേല്പു പന്തലുകൾ ഒരുങ്ങി.വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങാണ് ഉദയനാപുരത്തപ്പന്റെ വരവ്.
കൂട്ടുമ്മേൽ ഭഗവതിയോടും ശ്രീനാരായണപുരം ദേവനോടും ഒപ്പം അത്യാഡംബരപൂർവം എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് വലിയകവലയിലെ അലങ്കാര ഗോപുരത്തിൽ പന്തൽ വിളക്കു കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദ്യ വരവേല്പ് നൽകുന്നത്. ഇവിടെ വൈദ്യുതി ദീപാലാങ്കാരങ്ങൾ കൊണ്ട് അലങ്കരിക്കും.
നൂറുകണക്കിന് നിറദീപവും നിറപറയും മുത്തുക്കുടകളും വാഴക്കുലകളും കരിക്കിൻ കുലകളും കൊണ്ട് അലങ്കരിക്കും. ഉച്ചക്ക് 101 പറ അരിയുടെ അന്നദാനവും ഒരുക്കുന്നുണ്ട്. പ്രസിഡന്റ് ആർ.പവിത്രൻ, സെക്രട്ടറി എസ്.രതിഷ് ഖജാൻജി യു.കെ. ഷിനു തുടങ്ങിയവർ നേതൃത്വം നൽകും.
കൊച്ചാലുംചുവട് ഭഗവതി സന്നിധാനത്ത് എടപ്പാൾ നാദം ഡെക്കറേഷൻ അഞ്ചു നിലകളിലായാണ് പന്തൽ ഒരുക്കിയത്. അഷ്ടമി നാളിൽ ഉച്ചയ്ക്ക് 51 പറ അരിയുടെ അന്നദാനവും ഒരുക്കുന്നുണ്ടെന്ന് പ്രസിഡന്റ് ടി.കെ. രമേശ്കുമാർ, സെക്രട്ടറി സുധാകരൻ കാലാക്കൽ, ഖജാൻജി കെ.വി. പവിത്രൻ എന്നിവർ പറഞ്ഞു.
വടക്കേനടയിൽ വടക്കേനട പന്തൽ വിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് നില പന്തൽ ഒരുക്കി. അഞ്ചടി ഉയരമുള്ള ഗരുഡന്റെ രൂപവും പന്തലിന്റെ സമീപമുണ്ടാകുമെന്ന് പ്രസിഡന്റ് അശോകൻ വെള്ളവേലി, സെക്രട്ടറി സി. ശ്രീഹർഷൻ, ട്രഷറർ രാജീവ് എന്നിവർ പറഞ്ഞു.
മൂത്തേടത്ത്കാവ് ഭഗവതിയേയും ഇണ്ടംതുരുത്തി ഭഗവതിയേയും വരവേല്ക്കുന്നതിനായി തെക്കേനടയിൽ കെഎസ്ഇബി ഓഫിസിന് മുൻവശത്ത് രണ്ടു നില അലങ്കാര പന്തൽ തീർത്തു. രക്ഷാധികാരി ബി. ശശിധരൻ, പ്രസിഡന്റ് കെ.പി. ശിവജി, സെക്രട്ടറി പി.എൻ. ശ്രീധരപണിക്കർ എന്നിവർ നേതൃത്വം നൽകി.