ചങ്ങനാശേരി ഡിപ്പോയ്ക്ക് കഷ്ടകാലം..! പഴനി സർവീസ് ഇന്നു നിലയ്ക്കും; വേളാങ്കണ്ണി സ്വിഫ്റ്റ് കിതയ്ക്കുന്നു
1481210
Friday, November 22, 2024 7:59 AM IST
ചങ്ങനാശേരി: വേളാങ്കണ്ണി സ്വിഫ്റ്റ് ഡീലക്സ് സര്‍വീസ് താളംതെറ്റുന്നു. കെഎസ്ആര്‍ടിസി നേരിട്ട് സര്‍വീസ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
കെഎസ്ആര്‍ടിസി കാല്‍നൂറ്റാണ്ടിലധികമായി മെച്ചമായ നിലയില്‍ നടത്തിയിരുന്ന സര്‍വീസാണ് സ്വിഫ്റ്റ് കമ്പനി ഏറ്റെടുത്തതോടെ പ്രതിസന്ധിയിലായത്. ആദ്യം സൂപ്പര്‍ ഫാസ്റ്റും പിന്നീട് എക്സ്പ്രസുമായാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നത്.
ഒരു ഷെഡ്യൂളിനുവേണ്ടി രണ്ട് ഇന്റര്‍ സ്റ്റേറ്റ് ബസുകളാണ് ഓടിയിരുന്നത്. ദിനംപ്രതി ഈ ബസിന് അമ്പത്തയ്യായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് വരുമാനവും ലഭിച്ചിരുന്നു. ചങ്ങനാശേരിയില്‍നിന്നു മാത്രമായി വേളാങ്കണ്ണിയിലേക്ക് നടത്തിയിരുന്ന ഈ സര്‍വീസ് കെഎസ്ആര്‍ടിസിയുടെ തന്നെ പ്രസ്റ്റീജ് സര്‍വീസായിരുന്നു.
സ്വിഫ്റ്റ് ഏറ്റെടുത്തശേഷം നിരവധി അപകടങ്ങള്‍
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കെഎസ്ആര്‍ടിസി ഈ സര്‍വീസ് സ്വിഫ്റ്റിനു കൈമാറിയത്. കെഎസ് 37, കെഎസ്112 സ്വിഫ്റ്റ് ബസുകളാണ് വേളാങ്കണ്ണി റൂട്ടില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സ്വിഫ്റ്റ് ഏറ്റെടുത്തതുമുതല്‍ വേളാങ്കണ്ണി സര്‍വീസ് കടുത്തപ്രതിസന്ധിയിലാണ്. ഡീലക്സ് സര്‍വീസായി ഓടിത്തുടങ്ങിയതോടെ ചാര്‍ജ് വര്‍ധനയുണ്ടായി. ഇതോടെ യാത്രക്കാര്‍ ഈ സര്‍വീസ് ഉപേക്ഷിച്ചു തുടങ്ങി. വരുമാനവും കുത്തനെ ഇടിഞ്ഞു. ജീവനക്കാരുടെ ഇടപെടല്‍ അത്ര സൗഹൃദപരമല്ലെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പത്തോളം അപകടങ്ങള്‍ ഈ സര്‍വീസ് സൃഷ്ടിച്ചു. കഴിഞ്ഞ 10ന് ഇതില്‍ കെഎസ്112 ബസ് തഞ്ചാവൂരില്വച്ച് ടോറസുമായി കൂട്ടിയിടിച്ചും അപകടമുണ്ടായി. ബസിന്റെ ഡ്രൈവര്‍ക്കും അഞ്ചു യാത്രക്കാര്‍ക്കും പരിക്കേറ്റു. കൃത്യതയില്ലാതെ സര്‍വീസുകള്‍ നടത്തുന്നതും ജീവനക്കാരുടെ ഉത്തരവാദിത്വക്കുറവും ഈ സര്‍വീസിനെ അനുദിനം യാത്രക്കാരില്നിന്നുമകറ്റുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്ങ്ങള്ക്കിടെ ഇരുപതു ദിവസത്തോളം ഈ സര്‍വീസ് റദ്ദു ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വിഫ്റ്റ് ബസ് ഇടിച്ചശേഷം കോട്ടയത്തുനിന്നുമെത്തിച്ച എക്സ്പ്രസ് ബസാണ് ചങ്ങനാശേരിയില്‍നിന്നു പാലക്കാടു വരെ സര്‍വീസ് നടത്തുന്നത്. വേളാങ്കണ്ണിയില്‍നിന്നു പാലക്കാട്ടെത്തുന്ന ചങ്ങനാശേരിയുടെ സ്വിഫ്റ്റ് ബസിലാണ് അവിടെനിന്നു യാത്രക്കാരെ വേളാങ്കണ്ണിയിലെത്തിക്കുന്നത്. യാത്രയ്ക്കായി ബുക്കു ചെയ്യുന്നവരില്‍നിന്നും ഡീലക്സിന്റെ ചാര്‍ജാണ് വാങ്ങുന്നത്.
കെഎസ്ആര്‍ടിസി സര്‍വീസ് ഏറ്റെടുക്കണം
കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തിരുന്ന കാലത്ത് പാലക്കാട്ടുനിന്നു ഡ്രൈവര്‍ മാറിക്കയറുന്നതിനാല് അപകടം നന്നേ കുറവായിരുന്നു. വേളാങ്കണ്ണി സര്‍വീസിന്റെ സുഗമമായ നടത്തിപ്പിന് ഈ സര്‍വീസ് കെഎസ്ആര്‍ടിസി നേരിട്ട് സൂപ്പര്‍ എക്സ്പ്രസായി ഓടിക്കണമെന്ന അഭിപ്രായമാണ് യാത്രക്കാരിൽനിന്നും ജീവനക്കാരില്‍നിന്നും ഉയരുന്നത്.