റബര്‍ വ്യാപാരം 190 രൂപയ്ക്ക്; റബര്‍ ബോര്‍ഡിന് വില 186
1481330
Saturday, November 23, 2024 5:20 AM IST
കോട്ടയം: മാര്‍ക്കറ്റില്‍ ഇന്നലെ 190 രൂപയ്ക്കുവരെ റബര്‍ ഷീറ്റ് വ്യാപാരം നടന്നപ്പോഴും റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപിത വില ആര്‍എസ്എസ് നാല് ഗ്രേഡിന് 186 രൂപ, ഗ്രേഡ് അഞ്ചിന് 183 രൂപ. വില ഇടിക്കാനുള്ള സംഘടിത തന്ത്രവുമായി ഒരു മാസം മാര്‍ക്കറ്റില്‍നിന്നു വിട്ടുനിന്നതോടെ ടയര്‍ വ്യവസായികളുടെ സ്റ്റോക്ക് തീര്‍ന്നു.
ഇതേത്തുടര്‍ന്ന് ഒരാഴ്ചയായി കമ്പനികള്‍ ഡീലര്‍മാരില്‍നിന്ന് റബര്‍ ബോര്‍ഡ് നിരക്കിനേക്കാള്‍ കൂടിയ വിലയ്ക്ക് ഷീറ്റ് വാങ്ങുന്നുണ്ട്. വില ഉയരാതെ ഷീറ്റ് വില്‍ക്കില്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകളും ശക്തമായ നിലപാട് സ്വീകരിച്ചതും മാര്‍ക്കറ്റില്‍ പ്രതിഫലനത്തിന് കാരണമായി.
കൈകാര്യ ചെലവിന് ബോര്‍ഡ് വിലയില്‍നിന്ന് നാലു രൂപ കുറച്ചാണ് കച്ചവടക്കാര്‍ മുന്‍പ് കര്‍ഷകരില്‍നിന്ന് ഷീറ്റ് വാങ്ങിയിരുന്നത്. ഇന്നലെ നയാപൈസ പോലും താഴ്ത്താതെ വില കൂട്ടിയാണ് വ്യാപാരികള്‍ ഷീറ്റ് വാങ്ങിയത്.
എന്നാല്‍ വിലയില്‍ താത്കാലിക വര്‍ധന വരുത്തി വ്യവസായികള്‍ പരമാവധി സ്റ്റോക്ക് ചെയ്യുന്നത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഏറ്റവും ഉത്പാദനം ലഭിക്കുന്ന സീസണില്‍ വിലയിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു.
നിലവില്‍ 192 രൂപയ്ക്കുവരെ വ്യവസായികള്‍ ഡീലര്‍മാരില്‍നിന്നു ഷീറ്റ് വാങ്ങാന്‍ താല്പര്യപ്പെടുമ്പോഴാണ് റബര്‍ ബോര്‍ഡിന്റെ നിസംഗതയും വില താഴ്ത്തലും.വിദേശത്ത് റബര്‍വില കുത്തനെ ഉയര്‍ന്നതും ആഭ്യന്തര വില ഉയരാന്‍ കാരണമായി. ബാങ്കോക്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ പത്തു രൂപ വര്‍ധിച്ച് 200 രൂപയിലെത്തി.
25 ശതമാനം തീരുവയുള്ള ക്രംബ് റബറിന്റെ ഇറക്കുമതിക്കു പുറമെ അഞ്ചു ശതമാനം മാത്രം നികുതി അടച്ച് ഇരുപതിനായിരം ടണ്‍ വീതം കോമ്പൗണ്ട് റബര്‍ വ്യവസായികള്‍ ഓരോ മാസവും ഇറക്കുമതി ചെയ്യുന്നുണ്ട്.
കോമ്പൗണ്ട് റബര്‍ തീരുവ 15 ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രം നടപടിയെടുത്താല്തന്നെ ആഭ്യന്തരവില കുറെക്കൂടി മെച്ചപ്പെടും. മാത്രവുമല്ല, ഒരു കിലോ റബറിന് 20 രൂപ സബ്സിഡി അനുവദിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാ പദ്ധതികൂടി കണക്കാക്കി 200 രൂപ ഉറപ്പാക്കാനാകും.