ലേബർ ഇന്ത്യയിൽ മാതൃകാ ഐക്യരാഷ്ട്രസഭ
1481116
Friday, November 22, 2024 6:18 AM IST
മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ സ്കൂളുകളെയും കോളജുകളെയും പങ്കെടുപ്പിച്ച് നടത്തുന്ന മാതൃകാ ഐക്യരാഷ്ട്രസഭയ്ക്ക് ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളില്‍ തുടക്കമായി. ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന് മാതൃകാ ഐക്യരാഷ്ട്രസഭ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലേബര്‍ ഇന്ത്യ എഡ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ലേബര്‍ ഇന്ത്യ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, റെസിഡന്റ് ഡയറക്ടര്‍ ടിനു രാജേഷ്, ലേബര്‍ ഇന്ത്യ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ ബാബു കൊച്ചാംകുന്നേല്‍, റെസിഡന്റ് പ്രിന്‍സിപ്പല്‍ അനിത ആന്‍ഡ്രൂ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റോസ്മേരി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ലേബര്‍ ഇന്ത്യ ഹില്‍സിലുള്ള കണ്വന്ഷന് സെന്ററില്‍ നടക്കുന്ന മാതൃകാ യുഎന്‍ അസംബ്ലിയില്‍ മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിനും പലസ്തീനിലെ സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം എന്ന വിഷയം ചര്‍ച്ച ചെയ്തു.
193 അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് ഓരോ വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കാളികളായി. ഇന്നു നടക്കുന്ന സെക്യൂരിറ്റി കൗണ്‍സിലില്‍ ‘യുക്രെയ്ന് പ്രതിസന്ധിയും സംഘര്‍ഷ പരിഹാരത്തിനുള്ള തന്ത്രങ്ങളും' എന്ന വിഷയത്തിൽ ചര്‍ച്ച നടത്തും. ഇന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച പ്രതിനിധികള്‍ക്കുള്ള സമ്മാനദാനവും നടക്കും.