ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം: ഈരാറ്റുപേട്ട എംജിഎച്ച്എസ്എസ് ഓവറോൾ ചാന്പ്യന്മാർ
1481114
Friday, November 22, 2024 6:18 AM IST
പൂഞ്ഞാർ: നാലു ദിവസങ്ങളിലായി പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. യു പി വിഭാഗത്തിൽ 80 പോയിന്റ്, ഹൈസ്കൂൾ വിഭാഗത്തിൽ 240 പോയിന്റ്, ഹയർ സെക്കൻഡറി വിഭാഗത്തിൽ 192 പോയിന്റും നേടിയാണ് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടിയത്.
യുപിയിൽ 74ഉം, ഹൈസ്കൂളിൽ 229ഉം, ഹയർ സെക്കൻഡറിയിൽ 143ഉം പോയിന്റുകൾ നേടി തീക്കോയി സെന്റ് മേരീസ് സ്കൂൾ രണ്ടാം സ്ഥാനം നേടി. ആതിഥേയരായ പൂഞ്ഞാർ എസ്എം വി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം നേടി. എൽപി വിഭാഗത്തിൽ 65 പോയിന്റുകൾ വീതം നേടി അരുവിത്തുറ സെന്റ് മേരീസ് എൽപി സ്കൂളും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂളും ഓവറോൾ ചാന്പ്യൻഷിപ്പ് പങ്കിട്ടു.
സമാപന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ രമാ മോഹൻ മുഖ്യപ്രഭാഷണം നടത്തി.
എഇഒ ഷംലാബീവി, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. മോഹനൻ നായർ, ബിന്ദു അജികുമാർ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ആർ. ജയശ്രീ, എ.ആർ. അനുജാ വർമ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ. ധർമകീർത്തി, വിൻസെന്റ് മാത്യു, അഗസ്റ്റിൻ സേവ്യർ, സിന്ധു ജി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.