വാര്‍ഡുവിഭജനം: മുന്നണികള്‍ സാധ്യതാ അവലോകനത്തില്‍
1481327
Saturday, November 23, 2024 5:20 AM IST
കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തു മാസം ബാക്കിനില്‍ക്കെ വാര്‍ഡ് വിഭജന-അതിര്‍ത്തി നിര്‍ണയ കരട് പുറത്തുവന്നതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍.
ഓരോ വാര്‍ഡിന്റെയും വിഭജനം ആര്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ കരട് വിശദമായി പഠിക്കുകയാണ് മുന്നണികള്‍. അതിനിടെ ഭരണത്തിലുള്ള എല്‍ഡിഎഫ് അവര്‍ക്ക് അനുകൂലമായി വാര്‍ഡ് വിഭജനം നടത്തിയതായി യുഡിഎഫും എന്‍ഡിഎയും ആരോപിക്കുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനും നഗരസഭകളിൽ യുഡിഎഫിനുമായിരുന്നു ജില്ലയില്‍ മുന്‍തൂക്കം.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് പ്രധാന ആരോപണം. കരട് നിര്‍ദേശം പരിശോധിച്ചശേഷം ഡീലിമിറ്റേഷന്‍ കമ്മീഷന് അപ്പീല്‍ നല്‍കാനും നിയമനടപടി സ്വീകരിക്കാനുമാണ് യുഡിഎഫ് തീരുമാനം. അതേസമയം ചില പഞ്ചായത്തുകളില്‍ യുഡിഎഫിന് മുന്‍തൂക്കമുള്ള വിധത്തിലും വിഭജനം വന്നിട്ടുണ്ട്.
ജനസംഖ്യയുടെ തുല്യമായ വീതംവയ്പിലൂടെ വാര്‍ഡ് വിഭജിക്കണമെന്ന ഭരണഘടനയുടെ 243 സി വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് കോടതിയെ സമീപിക്കുമെന്നാണ് സൂചന.
എല്‍ഡിഎഫില്‍ സിപിഐയ്ക്കും എതിര്‍പ്പുണ്ട്. നിലവിലെ സാഹചര്യം അപ്പീലുകളും കേസുകളുമായി മുന്നോട്ടുപോയാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പുതിയ വാര്‍ഡു വിഭജനം പ്രായോഗികമാകാനിടയില്ല. അടുത്ത മാസം ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പുനര്‍വിഭജന കരട് പ്രസിദ്ധീകരിക്കും.