തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ആരുമില്ല : സഹികെട്ട് പാലാക്കാർ
1481095
Friday, November 22, 2024 6:10 AM IST
പാലാ: തെരുവുനായ്ക്കളെ പിടിച്ചുകെട്ടാനോ നിയന്ത്രിക്കാനോ ആരുമില്ല, നായ്ക്കളെ പേടിച്ചു പാലാ നഗരവാസികൾ. നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യംമൂലം ജനജീവിതം ദുഃസഹമാവുകയാണ്.
നഗരത്തില്‍ എവിടെ നോക്കിയാലും തലങ്ങുംവിലങ്ങും തെരുവുനായ്ക്കള്‍ വിഹരിക്കുന്ന കാഴ്ചയാണുള്ളത്. പലപ്പോഴും കുരച്ചുകൊണ്ടു യാത്രക്കാരുടെ പുറകെ ചാടും. പലരും നായ്ക്കളുടെ കടിയില്‍നിന്നു ഭാഗ്യത്തിനാണു രക്ഷപ്പെടുന്നത്. ഇവയെ പിടിച്ചുകെട്ടാനോ നിയന്ത്രിക്കാനോ ആരുമില്ലാത്ത അവസ്ഥ. ഇരുചക്ര വാഹനങ്ങളുടെ പുറകെ നായ്ക്കള്‍ ഓടുന്നതു പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുകയാണ്.
രാത്രിയിലും പകലുമെല്ലാം പ്രധാന റോഡുകളില്‍ തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുകയാണ്. രാത്രികാലങ്ങളില്‍ ബസുകളില്‍ നഗരത്തിലെത്തി ടൗണിലൂടെ നടന്നു പോകുന്നവരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
പാലാ ടൗണ്‍ ബസ് സ്റ്റാൻഡ്, റിവര്‍വ്യൂ റോഡ്, കെഎസ്ആര്‍ടിസി സ്റ്റാൻഡ്, ടിബി റോഡ്, ചെത്തിമറ്റം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പുകേന്ദ്രങ്ങളില്‍ തെരുവുനായ്ക്കള്‍ കയറിക്കിടക്കുന്നതു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഇവിടേക്കു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു കയറാനേ പറ്റാത്ത അവസ്ഥയാണുള്ളത്. നായ്ക്കള്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ പുറകെ എത്തുമ്പോള്‍ കുട്ടികള്‍ പേടിച്ചോടുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നതും ഇവ പെരുകാന്‍ ഇടയാക്കുന്നു.
തെരുവുനായ്ക്കള്‍ ജനങ്ങള്‍ക്കു ദുരിതമാകുമ്പോഴും നിയമത്തിന്റെ നൂലാമാലകള്‍ അധികൃതരെ നടപടിയെടുക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കുകയാണ്.
എവിടെ തെരുവുനായ സംരക്ഷണ പദ്ധതി?
വര്‍ഷങ്ങള്‍ക്കു മുന്‍പു പാലാ നഗരസഭ നടപ്പിലാക്കിയ തെരുവുനായ സംരക്ഷണ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഏറെ കൈയടി നേടിയ പദ്ധതിയായിരുന്നു ഇത്. പാലാ മൃഗാശുപത്രി വളപ്പിലാണു തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംരക്ഷണകേന്ദ്രം നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധിമൂലം നിര്‍ത്തലാക്കുകയായിരുന്നു. ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്ക്കളെ പിടികൂടി ഈ കേന്ദ്രത്തിലെത്തിച്ചു സംരക്ഷിച്ചിരുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഈ കേന്ദ്രം ഇപ്പോള്‍ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്.