രാമപുരത്ത് എല്‍ഡിഎഫിന് തിരിച്ചടി, കൂറുമാറ്റത്തിനെതിരേ കോണ്‍ഗ്രസിനു വിജയം
1481334
Saturday, November 23, 2024 5:20 AM IST
രാമപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ശേഷം കേരള കോണ്‍ഗ്രസ് -എമ്മിലേക്ക് കൂറു മാറിയ ഷൈനി സന്തോഷിനു തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചതോടെയാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.
ഒന്നര വര്‍ഷം പ്രസിഡന്റായിരുന്ന ഷൈനി സന്തോഷ് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്ന ധാരണ ലംഘിച്ച് എല്‍ഡിഎഫിലേക്ക് കൂറുമാറി വീണ്ടും പ്രസിഡന്റാവുകയായിരുന്നു. കോണ്‍ഗ്രസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഷൈനിയെ അയോഗ്യയായി പ്രഖ്യാപിക്കുകയും ആറ് വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു.
കമ്മീഷന് വിധിക്കെതിരേ ഷൈനി സന്തോഷ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഷൈനിയുടെ അയോഗ്യത ശരിവയ്ക്കുകയായിരുന്നു. ഇതോടെ രാമപുരം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിലാണ് ഷൈനി സന്തോഷ് മത്സരിച്ച് വിജയിച്ചത്. ആദ്യ ടേമില്‍ ഷൈനിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം.
രണ്ടാം ടേമില്‍ കേരള കോൺഗ്രസിലെ ലിസമ്മ മത്തച്ചന് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നതായിരുന്നു യുഡിഎഫിലെ മുന്‍ ധാരണ. എന്നാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം 2022 ജൂലൈ 27ന് ഷൈനി കേരള കോണ്‍ഗ്രസ് -എമ്മിലേക്ക് കൂറുമാറുകയും വീണ്ടും പ്രസിഡന്റ് പദവിയിലെത്തുകയും ചെയ്തു. അപ്രതീക്ഷിത തിരിച്ചടി നേരിട്ട യുഡിഎഫ് നിയമനടപടികളിലേയ്ക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഷൈനിയെ കഴിഞ്ഞ ഫെബ്രുവരി 22ന് അയോഗ്യയാക്കി.
ശേഷം തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ലിസമ്മ മത്തച്ചന് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഏഴു വീതം അംഗങ്ങളുണ്ട്. ബിജെപിക്ക് മൂന്ന് അംഗങ്ങളുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെ നറുക്കെടുപ്പ് വേണ്ടി വരികയായിരുന്നു. മാസങ്ങളായി ഏഴാം വാര്‍ഡില്‍ പ്രസിഡന്റിനാണ് അധിക ചുമതല.
രാഷ്ട്രീയ അധാര്മികതയ്ക്കുള്ള തിരിച്ചടിയാണിതെന്നും ജനാധിപത്യത്തിന്റെ വിജയമെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. കെ. ശാന്താറാം പ്രതികരിച്ചു. യുഡിഎഫിനു വേണ്ടി അഡ്വ. വിന്‍സന്റ് കുരിശുമൂട്ടിൽ ഹൈക്കോടതിയില്‍ ഹാജരായി.