സംവരണം അട്ടിമറിക്കുന്നതു ഭരണഘടനാ വിരുദ്ധമെന്ന് എകെസിഎച്ച്എം
1481331
Saturday, November 23, 2024 5:20 AM IST
കോട്ടയം: പട്ടികവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കുന്ന നീക്കവുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീങ്ങുന്നത് ഭരണഘടനാ വിരുദ്ധവും പട്ടിക വിഭാഗങ്ങളോടുള്ള അവഗണനയുമാണെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി.
സുപ്രീം കോടതിയുടെ സംവരണ വിരുദ്ധ വിധിക്കെതിരേ പ്രതിഷേധിക്കുന്ന ദളിത് ആദിവാസി സഖ്യത്തിനൊപ്പം ചേരാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു. സുപ്രീംകോടതി വിധിയില്‍ ഉപരിവര്‍ഗ സംവരണം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപ്പാക്കാമെന്ന വിധി കേരള സര്‍ക്കാര്‍ നടപ്പാക്കരുത്.
സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പാക്കിയത് വിചിത്രമാണ്. മുന്നോക്കക്കാരില്‍ പിന്നോക്കം നില്ക്കുന്നവരുണ്ടെങ്കില് അവരെ സാമ്പത്തികമായി ഉയര്‍ത്തുന്നതിന് പ്രത്യേക പാക്കേജുകളാണ് സര്‍ക്കാരുകള്‍ നടപ്പാക്കേണ്ടതെന്നും സംവരണം പ്രാതിനിധ്യമാണെന്ന കാര്യം ബോധപൂര്‍വം മറക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും സംസ്ഥാന പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് എന്നിവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പി.ജി. അശോക് കുമാര്‍, സാബു പതിക്കല്‍, ഒ.കെ. സാബു, ലത സുരേന്ദ്രന്, രാജേഷ് കല്ലുപ്പാറ, ശ്രീജ സുമേഷ്, മധുലാല്‍ മുട്ടം, സോണി കാരാപ്പുഴ. അജയന് പേരൂര്‍ എന്നിവര്‍ പങ്കെടുത്തു.