ചാവറ പിതാവ് ദൈവത്തിന്റെ കാഴ്ചപ്പാടിൽ ലോകത്തെ കണ്ട വിശുദ്ധൻ: മാർ തോമസ് തറയിൽ
1481328
Saturday, November 23, 2024 5:20 AM IST
മാന്നാനം: ആത്മീയതയിൽ നിറഞ്ഞ് ദൈവത്തിന്റെ കാഴ്ചപ്പാടിൽ ലോകത്തെ ദർശിച്ചവരാണ് വിശുദ്ധ ചാവറയച്ചനും വിശുദ്ധ എവുപ്രാസ്യമ്മയുമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ.
വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പത്താമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സിഎംഐ, സിഎംസി സഭകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ നടത്തിയ തീർഥാടനത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ആശ്രമ ദേവാലയ കവാടത്തിൽ മാർ തോമസ് തറയിലിന് സ്വീകരണം നൽകി. തുടർന്നായിരുന്നു വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയ്ക്കുശേഷം സിഎംഐ, സിഎംസി സഭകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പൊതുസമ്മേളനം ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സിഎംഐ സഭയുടെ വികാരി ജനറാൾ റവ.ഡോ. ജോസി താമരശേരി അധ്യക്ഷത വഹിച്ചു.
ഫാ. ക്ലീറ്റസ് ടോം ഇടശേരിയിൽ പ്രസംഗിച്ചു. സേവനത്തിന്റെ 25 വർഷം പൂർത്തിയാക്കിയ സിഎംസി ജനറൽ കൗൺസിലർ സിസ്റ്റർ അനുപ മാതയെയും ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ അധ്യാപകരായും അനധ്യാപകരായും സേവനമനുഷ്ഠിക്കുന്ന 83 അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. സിഎംഐ, സിഎംസി സഭകളുടെ ജനറൽ കൗൺസിലർമാർ ചടങ്ങിൽ സംബന്ധിച്ചു.
മാന്നാനത്ത് ഇന്ന് വിശുദ്ധ ചാവറയച്ചന്റെ വിശുദ്ധപദവി പ്രഖ്യാപന വാർഷികാചരണം
മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പത്താമത് വാർഷികാഘോഷങ്ങൾ ഇന്ന് മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടത്തും. വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച പള്ളികൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽനിന്നും സിഎംഐ തിരുവനന്തപുരം പ്രൊവിൻസിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് തീർഥാടകർ വിശുദ്ധന്റെ കബറിടത്തിൽ എത്തിച്ചേരും.
തീർഥാടകർ ആശ്രമ ദേവാലയത്തിൽ എത്തിയ ശേഷം രാവിലെ 11ന് സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സിഎംഐ സഭയുടെ വികാരി ജനറാൾ റവ.ഡോ. ജോസി താമരശേരി, ജനറൽ കൗൺസിലർമാർ എന്നിവർ സഹകാർമികരായിരിക്കും. ആശ്രമ ദേവാലയത്തിൽ രാവിലെ ആറിനും 7.30നും ഒമ്പതിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും.