"കട്ടന്‍കാപ്പി, പരിപ്പുവട' ആത്മകഥാന്വേഷണം വീണ്ടും കോട്ടയത്തിന്റെ കോര്‍ട്ടില്‍
1481326
Saturday, November 23, 2024 5:20 AM IST
കോട്ടയം: പാര്‍ട്ടിയിലെ അപ്രിയസത്യങ്ങളും രഹസ്യങ്ങളും ഉള്‍പ്പെടുത്തി സിപിഎം നേതാവ് ഇ.പി. ജയരാജന് എഴുതിയതായി പ്രതിയോഗികള്‍ പറഞ്ഞുപരത്തിയ ആത്മകഥ "പരിപ്പുവടയും കട്ടന്‍കാപ്പിയും’ അന്വേഷണം വീണ്ടും കോട്ടയം കോര്‍ട്ടില്‍.
പ്രസിദ്ധീകരിക്കാൻ കരാറുണ്ടെന്ന് പ്രസാധകരും അങ്ങനെയൊന്നില്ലെന്നും എഴുത്ത് പൂര്‍ത്തിയായിട്ടില്ലെന്നും ജയരാജനും പറഞ്ഞതനുസരിച്ച് പോലീസ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി ജയരാജന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അറിയാത്തതും പറയാത്തതും പറയാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും ജയരാജന് മൊഴി നല്കി. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കോട്ടയം ഡിസി ബുക്സുമായി രേഖാമൂലം കരാറുണ്ടാക്കിയിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. വാക്കാല്‍ ധാരണയുണ്ടോ എന്നതും പുസ്തകം ആര് എഴുതിനല്‍കിയെന്നും എങ്ങനെ പുറത്തുപോയി എന്നതുമൊക്കെ അന്വേഷിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ജയരാജന് നല്കിയ പരാതിയില്‍ കോട്ടയം എസ്പി ഷാഹുല്‍ ഹമീദാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി അദ്ദേഹം വിദേശത്തുനിന്ന് മടങ്ങിവരുമ്പോള്‍ രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാറിനെ സംബന്ധിച്ച് ഡിസി ബുക്സിലെ രണ്ട് ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന മൊഴിയാണ് ഇവര്‍ നല്‍കിയതെന്നാണ് വിവരം.
ആ സാഹചര്യത്തില്‍ രവി ഡിസിയില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടാനാണ് തീരുമാനം. പുസ്തകത്തിന്റെ 178 പേജുകളുടെ പിഡിഎഫ് ഏതുവിധത്തിലാണ് പുറത്തുപോയതെന്നാണ് അറിയേണ്ടത്.
അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായി ജയരാജന് മൊഴി നല്കി. മാധ്യമപ്രവര്‍ത്തകരില്‍ നിന്നുള്‍പ്പെടെ പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പുസ്തകത്തിന്റെ പിഡിഎഫ് ആര്‍ക്കൊക്കെ എവിടെനിന്ന് ലഭിച്ചു എന്ന് കണ്ടെത്താനാണ് ശ്രമം.
വാര്‍ത്താ വിവാദത്തിനു പിന്നാലെ ജയരാജന് ഡിസി ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധം ചെയ്യാനും ഉദ്ദേശിച്ചാണ് ഡിസി ബുക്സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. ഡിസി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്നും ജയരാജന് ആവശ്യപ്പെടുന്നു.
വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു ആത്മകഥാ വിവാദം വന്വാര്ത്തയായതും സിപിഎമ്മിന് മാനക്കേടുണ്ടാക്കിയതും. ആത്മകഥയില്‍ പാര്‍ട്ടിക്കെതിരേയും രണ്ടാം പിണറായി സര്‍ക്കാരിനെതിരേയും ഇ.പി. രൂക്ഷ വിമര്‍ശനം ഉന്നയിച്ചുവെന്നായിരുന്നു വാര്‍ത്ത.
കൂടാതെ പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിനെതിരേയും ജയരാജന് വിമര്‍ശനം ഉന്നയിച്ചതായി ആത്മകഥയുടേതായി പുറത്തുവന്ന പിഡിഎഫ് ചൂണ്ടിക്കാട്ടി ആക്ഷേപം ഉയര്‍ന്നു. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി.വി. അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പരാമര്‍ശമുണ്ടെന്ന സൂചനകളും പുറത്തുവന്നു.