കോട്ടയം നഗരസഭയില്‍ കളക്ടറേറ്റ് പുതിയ വാര്‍ഡ്; ഏറ്റുമാനൂരില്‍ കണ്ണംപുര
1481196
Friday, November 22, 2024 7:41 AM IST
കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തുവന്നതോടെ കോട്ടയം നഗരസഭയില്‍ പുതുതായി കളക്ടറേറ്റ് എന്നപേരില്‍ വാര്‍ഡ് നിലവില്‍വരും. ഇതോടെ ആകെ വാര്‍ഡുകള്‍ 52ല്‍നിന്ന് 53 ആയി.
നിലവിലെ 18, 19, 13, 15 വാര്‍ഡുകള്‍ വിഭജിച്ചാണ് പുതിയ വാര്‍ഡിന് രൂപം നല്‍കിയത്. 18 ആണ് പുതിയ വാര്‍ഡിന്റെ നമ്പര്‍. കളക്ടറേറ്റ്, സബ് ജയില്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, റബര്‍ ബോര്‍ഡ്, പ്ലാന്റേഷന് കോര്പറേഷന് ഓഫീസ്, ജില്ലാ പോലീസ് ചീഫിന്റെ കാര്യാലയം, ലൂര്‍ദ് പള്ളി എന്നിവയെല്ലാം പുതിയ കളക്ടറേറ്റ് വാര്‍ഡില്‍ ഉള്‍പ്പെടും. നേരത്തെ മുട്ടമ്പലമായിരുന്നു 18-ാം വാര്‍ഡ്. ഇപ്പോള്‍ മുട്ടമ്പലം 17-ാം വാര്‍ഡായി മാറി. അതിര്‍ത്തികള്‍ മാറിയതോടെ നഗരസഭയിലെ പല വാര്‍ഡുകളുടെയും നമ്പരുകളും മാറിയിട്ടുണ്ട്.
ഏറ്റുമാനൂര്‍ നഗരസഭയിലും ഒരു വാര്‍ഡാണ് വര്‍ധിച്ചത്. ഇതോടെ മൊത്തം വാര്‍ഡുകളുടെ എണ്ണം 36 ആകും. കണ്ണംപുര എന്നാണു പുതിയ വാര്‍ഡിന്റെ പേര്. 36 ആണ് നമ്പര്‍. അതിരമ്പുഴ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ വര്‍ധിച്ചതോടെ മൊത്തം വാര്‍ഡുകളുടെ എണ്ണം 24 ആയി.
നേരത്തെ ഇവിടെ 22 വാര്‍ഡുകളാണുണ്ടായിരുന്നത്.
മൂന്ന്, നാല്, 16, 17 വാര്‍ഡുകള്‍ വിഭജിച്ചാണ് പുതിയതായി രണ്ട് വാര്‍ഡുകള്‍കൂടി ഉണ്ടാക്കിയിരിക്കുന്നത്. ചെത്തിത്തോട്, അടിച്ചിറ എന്നിങ്ങനെയാണു പുതിയ വാര്‍ഡുകളുടെ പേരുകള്‍. 24 വാര്‍ഡുകള്‍ ആയതോടെ അതിരമ്പുഴ ജില്ലയിലെ വലിയ പഞ്ചായത്തായി. 24 വാര്‍ഡുകളുള്ള പനച്ചിക്കാടും ജില്ലയിലെ വലിയ പഞ്ചായത്തുകളുടെ ലിസ്റ്റിലാണ്.
തിരുവാര്‍പ്പ് പഞ്ചായത്തില്‍ ഒരു വാര്‍ഡാണു കൂടിയത്. ഇതോടെ ആകെ വാര്‍ഡുകളുടെ എണ്ണം 19 ആയി. 18, 16 വാര്‍ഡുകള്‍ വിഭജിച്ചാണ് പുതിയതിന് രൂപം നല്‍കിയിരിക്കുന്നത്. ചെങ്ങളം കേളക്കരിയെന്ന പേരിലുള്ള പുതിയ വാര്‍ഡിന്റെ നമ്പര്‍ 19 ആണ്. അകലകുന്നം, കുമരകം, നീണ്ടൂര്‍ പഞ്ചായത്തുകളില്‍ വാര്‍ഡുകള്‍ വര്‍ധിച്ചിട്ടില്ല.
വാര്‍ഡ് വിഭജനത്തിലെ അപാകതകള്‍ക്കെതിരേ യുഡിഎഫും ബിജെപിയും രംഗത്തു വന്നിട്ടുണ്ട്. നിലവിലെ സംവിധാനത്തില്‍ പരാതി നല്‍കാനാണ് മുന്നണികളുടെ തീരുമാനം. ഭരണപക്ഷമായ എല്‍ഡിഎഫ് സ്വാധീനം ഉപയോഗിച്ച് തങ്ങള്‍ക്കനുകൂലമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തിയിരിക്കുകയാണെന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ആക്ഷേപം.