സിസിടിവി കാമറകൾ മറച്ച് ജ്വല്ലറിയിൽ മോഷണശ്രമം
1481087
Friday, November 22, 2024 5:56 AM IST
എരുമേലി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകടന്ന് മോഷണം നടത്താൻ ശ്രമം. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാരയ്ക്കാട്ട് ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സമീപം താമസിക്കുന്ന കെട്ടിട ഉടമ പാടിക്കൽ ഫൈസലും മകനും സംശയകരമായ ശബ്ദം കേട്ട് എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോൾ മോഷ്ടാക്കൾ ഓടി മറയുകയായിരുന്നു. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കെട്ടിടത്തിന്റെ പുറകിലെ ഭിത്തിയിൽ എക്സ്ഹോസ്റ്റ് ഫാനിന്റെ ഭാഗം തുരന്നതിന്റെ അടയാളങ്ങൾ കണ്ടത്.
കെട്ടിടത്തിലെ മൂന്ന് സിസി കാമറകളിൽ രണ്ടെണ്ണം മോഷ്ടാക്കൾ ദൃശ്യം കിട്ടാത്ത നിലയിൽ മറച്ചു വച്ചിരുന്നു. മോഷ്ടാക്കൾ കാണാതിരുന്ന ഒരു കാമറയിൽ ലഭിച്ച ദൃശ്യം പോലീസ് പരിശോധിച്ചു വരികയാണ്.
ഒരു മാസം മുമ്പ് എരുമേലി ടൗണിലും മുക്കൂട്ടുതറയിലും സമാനമായ മോഷണ ശ്രമമുണ്ടായിരുന്നു. ടൗണിൽ ശ്രീപാദം വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചവർ വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോൾ ഓടി രക്ഷപ്പെട്ടു.
മുഖം മറച്ച നിലയിൽ ഇവരുടെ ദൃശ്യം സിസി കാമറകളിൽ പതിഞ്ഞിരുന്നു. മുക്കൂട്ടുതറയിൽ രാത്രിയിൽ ടൗൺ ഭാഗത്ത് ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ നീക്കിയാണ് ഏതാനും കടകളിൽ ഷട്ടറുകളുടെ താഴുകൾ ഇരുമ്പുകമ്പി ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സിസി കാമറകളിൽ ലഭിച്ചെങ്കിലും മോഷ്ടാക്കൾ മുഖം മറച്ച നിലയിലായിരുന്നു.
ജ്വല്ലറിയിൽ നടന്ന മോഷണശ്രമത്തിൽ തെളിവെടുപ്പ് നടത്തിയെന്നും ഇതുൾപ്പെടെ മേഖലയിൽ നടന്ന മോഷണശ്രമങ്ങൾ സംബന്ധിച്ച് ഊർജിത അന്വേഷണം നടത്തിവരികയാണെന്നും എരുമേലി പോലീസ് അറിയിച്ചു.