പാതയോരങ്ങളിലെ കേടുള്ള ഉണങ്ങിയ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു
1481086
Friday, November 22, 2024 5:56 AM IST
കാഞ്ഞിരപ്പള്ളി: ദേശീയപാതയോരങ്ങളിൽ ഉണങ്ങിയും കേടുപിടിച്ചും നിൽക്കുന്ന മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. എല്ലാ വർഷവും മലയോരപാതകളിൽ മരങ്ങൾ വീണ് അപകടങ്ങളും ഗതാഗത തടസവും ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിന്ന വൻ മരത്തിന്റെ മുകൾഭാഗം ദേശീയപാതയിലേക്കു ഒടിഞ്ഞ് വീണിരുന്നു. ഇടവിടാതെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ മരം വീണ സമയത്ത് വാഹനങ്ങൾ എത്താതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
മരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്കു ചാഞ്ഞാണു നിൽക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും ഇവ നിലംപതിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ മുൻകൂട്ടി ചെയ്യാറില്ല.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇത്തരം മരങ്ങളും മരശിഖരങ്ങളും ഇത്തവണയും വെട്ടിമാറ്റിയിട്ടില്ല. ഇരുവശകളിലും ഒട്ടേറെ മരങ്ങളാണ് കാലപ്പഴക്കത്താലും കേടുപിടിച്ചും നിലംപൊത്താറായ നിലയിലുള്ളത്. നിരവധി പരാതികൾ ഉയർന്നിട്ടും ഇവ വെട്ടിമാറ്റാനുള്ള സങ്കീർണമായ നടപടിക്രമങ്ങൾ മൂലമാണ് യഥാസമയം വെട്ടിമാറ്റാൻ കഴിയാതെ വരുന്നത്.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതയോരങ്ങളിൽ അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.