കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല: വിസ്താരം പൂര്‍ത്തിയായി
1481083
Friday, November 22, 2024 5:56 AM IST
കോട്ടയം: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്ജു കുര്യനെയും (50) മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയയെയും (78) കരിമ്പനാല്‍ ജോര്‍ജ് കുര്യന് (54) വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്താരം പൂര്‍ത്തിയായി.
ക്രിസ്മസ് അവധിക്കു മുന്‍പ് കേസില്‍ വിധിയുണ്ടായേക്കും. 2022 മാര്‍ച്ച് ഏഴിനു വൈകുന്നേരം അഞ്ചിനായിരുന്നു കൃത്യം. 243 രേഖകളും കൊലയ്ക്ക് ഉപയോഗിച്ച വിദേശനിര്‍മിത റൈഫിള്‍ ഉള്‍പ്പെടെ 75 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കാഞ്ഞിരപ്പള്ളി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ ഹൈദരാബാദ് സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസി. ഡയറക്ടര്‍ എസ്.എസ്. മൂര്‍ത്തി ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി.
പ്രതിയുടെ ചില ബന്ധുക്കള്‍ കൂറുമാറിയെങ്കിലും ശക്തമായ തെളിവുകള്‍ നിരത്താനായതായി പ്രോസിക്യൂഷന് വ്യക്തമാക്കി.