തിരക്കേറിയിട്ടും പമ്പ പാതയില്‍ സിഗ്നലുകള്‍ വരച്ചു തീര്‍ന്നിട്ടില്ല
1481082
Friday, November 22, 2024 5:56 AM IST
കോട്ടയം: ശബരിമല മണ്ഡലകാല തീര്‍ഥാടനം ഒരാഴ്ച പിന്നിട്ടിട്ടും എരുമേലി-പമ്പ പാതയില്‍ റോഡിലെ സിഗ്നലുകള്‍ വരച്ച് തീരുന്നില്ല. മുക്കൂട്ടുതറ മുതല്‍ പമ്പവരെ പതിനഞ്ചു കൊടുംവളവുകളും കുത്തുകയറ്റങ്ങളുമുണ്ട്.
മുന്‍പൊക്കെ ശബരിമല സീസണ് ഒരു മാസം മുന്‍പുതന്നെ റോഡ് കുറുകെ കടക്കാനുള്പ്പെടെ സിഗ്നലുകള്‍ വരച്ചു തീര്‍ത്തിരുന്നു. ഇപ്പോഴും വര കണമല കടവ് കടക്കുന്നതേയുള്ളൂ.
30 കിലോമീറ്റര്‍ പിന്നിട്ട് നിലയ്ക്കല്‍ വഴി സംസ്ഥാന പാതയിലെ അടയാള വരയിടീല് പമ്പവരെയെത്താന് ഒരാഴ്ചകൂടി വേണ്ടിവരും. ഇടമുറിയാത്ത വാഹനത്തിരക്കും ഉച്ചകഴിഞ്ഞുള്ള കനത്തമഴയും മൂലം വര മാഞ്ഞും മങ്ങിയും പോകുന്നു.
മാത്രവുമല്ല അതിവേഗത്തില്‍ വാഹനങ്ങള്‍ നിരയായി പോകുന്നതിനിടെ റോഡില്‍ ഫ്ലൂറൈഡ് ചേര്‍ത്ത സിഗ്നല്‍ വരയ്ക്കല്‍ സുരക്ഷിതവുമല്ല. റോഡില്‍ പോലീസ് സുരക്ഷ ഉറപ്പാക്കി റോഡിനു നടുവില്‍ സിഗ്നല്‍ കുറ്റികള്‍ വച്ചശേഷമാണ് കരാര്‍ തൊഴിലാളികള്‍ റോഡിനുള്ളിലെ മാര്‍ക്കിംഗ് നടത്തുന്നത്. ഹോട്ടലുകളിലേക്കും മറ്റും റോഡ് കുറുകെ കടക്കാന്‍ തീര്‍ഥാടകര്‍ ഏറെ വലയുകയാണ്.