തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം : ജില്ലയിൽ കൂടിയത് 83 പഞ്ചായത്ത് വാര്‍ഡുകളും നാല് നഗരസഭാ വാര്‍ഡുകളും
1481081
Friday, November 22, 2024 5:56 AM IST
കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലെ വാര്ഡ്വിഭജന കരട് വിജ്ഞാപനം പുറത്തുവന്നതോടെ ജില്ലയില്‍ 83 പഞ്ചായത്ത് വാര്‍ഡുകളും നാല് നഗരസഭ വാര്‍ഡുകളും കൂടി.
പഞ്ചായത്തുകളില്‍ ഇതുവരെ 1,140 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് ഇനി 1,223 വാര്‍ഡുകളായി വര്‍ധിച്ചു. ആറു നഗരസഭകളില്‍ ഇപ്പോള്‍ 204 വാര്‍ഡുകളാണുണ്ടായിരുന്നത്. നാലു വാര്‍ഡുകള്‍ കൂടി 208 വാര്‍ഡുകളായി. പഞ്ചായത്തിലും നഗരസഭയിലും വാര്‍ഡുകളുടെ അതിരുകളിലും നമ്പരുകളിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. വാര്‍ഡ് വര്‍ധിക്കാത്ത പഞ്ചായത്തുകളിലും നഗരസഭയിലും അതിര്‍ത്തികളില്‍ മാറ്റം വന്നു.
ഒരു വാര്‍ഡു വീതം വര്‍ധിച്ച 53 പഞ്ചായത്തുകളാണുള്ളത്. രണ്ടു വാര്‍ഡുകള്‍ വര്‍ധിച്ച 15 പഞ്ചായത്തുകളുമുണ്ട്. അതേസമയം അകലക്കുന്നം, കുമരകം, നീണ്ടൂര്‍ മൂന്നു പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ല.
കോട്ടയം, ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂര്‍ നഗരസഭകളില്‍ ഒരു വാര്‍ഡ് വീതം വര്‍ധിച്ചപ്പോള്‍ പാലാ, ചങ്ങനാശേരി നഗസഭകളില്‍ വാര്‍ഡുകള്‍ വര്‍ധിച്ചില്ല. പക്ഷെ അതിര്‍ത്തികളില്‍ മാറ്റമുണ്ടായി.
വാര്‍ഡുകളുടെ അതിര്‍ത്തികള്‍ മാറിയത് ചില പാര്‍ട്ടികള്‍ക്കും മുന്നണികൾക്കും വിജയപ്രതീക്ഷയ്ക്ക് മങ്ങല്‍ എല്‍പ്പിച്ചപ്പോള്‍, ചിലര്‍ക്ക് ആശ്വാസമായി. മത്സരിക്കാന്‍ ലക്ഷ്യമിട്ട് നിലവിലുള്ള വാര്‍ഡുകളില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥി മോഹികളില്‍ പലര്‍ക്കും ഇത് അപ്രതീക്ഷിത തിരിച്ചടിയായി. വര്‍ധിച്ച വാര്‍ഡുകള്‍ ആര്‍ക്കെന്നതിനെച്ചൊല്ലി മുന്നണികള്‍ക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാനും സാധ്യതയുണ്ട്.
എല്‍ഡിഎഫിന് അനുകൂലമായ കരട് വിഭജനമെന്ന ആക്ഷേപവുമായി യുഡിഎഫ്, ബിജെപി നേതൃത്വങ്ങള്‍ രംഗത്തെത്തി.
കരട് നിര്‍ദേശങ്ങള്‍ മാത്രമാണു പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ആര്‍ക്കും നല്‍കാമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസമാണ് വാര്‍ഡ് പുനഃക്രമീകരണകരട് വിജഞാപനം പുറത്തുവന്നത്. പുതുക്കിയ മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാര്‍ഡുകളുടെ മാറ്റം എങ്ങനെ അറിയാം
wardmap.ksmart.live/ എന്ന വെബ് അഡ്രസില്‍ വിവരങ്ങള്‍ ലഭിക്കും. ഇത് തുറന്ന് ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും സെലക്ട് ചെയ്യണം. ഇതോടെ അതാത് പഞ്ചായത്തിന്റെ പുതിയ വാര്‍ഡ് മാപ്പ് ലഭിക്കും. ഈ പേജിലുള്ള നോട്ടിഫിക്കേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരോ വാര്‍ഡുകളുടെയും അതിരുകള്‍ മനസിലാക്കാം.
പരാതി നല്‍കാം
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെ പുനര്‍വിഭജനവും അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന് പുറത്തിറക്കിയ കരട് വിജ്ഞാപനം തദ്ദേശസ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍, വായനാശാലകള്‍, അക്ഷയകേന്ദ്രങ്ങള്‍, വാര്‍ത്താബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അറിയിച്ചു.
ഈ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉള്ളവര്‍ക്ക് ഡിസംബര്‍ മൂന്നുവരെ സമര്‍പ്പിക്കാമെന്ന് ഡിലിമിറ്റേഷന്‍ കമ്മീഷന് അറിയിച്ചു.
പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ (കളക്ടര്‍)മുന്നിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഇതിനൊപ്പം എന്തെങ്കിലും രേഖകള്‍ നല്കാന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്നതും യുക്തമെന്ന് കാണുന്നവയില്‍ പരാതിക്കാരെ ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ട് കേള്‍ക്കുന്നതുമാണ്. ഇതിന് പരാതിക്കാര്‍ നേരിട്ട് ഹാജരാകണം.
അതിരമ്പുഴ, എരുമേലി, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട് വലിയ പഞ്ചായത്തുകള്‍
വാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുകയും അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുകയും ചെയ്തതോടെ നാലു പഞ്ചായത്തുകള്‍ ജില്ലയിലെ വലിയ പഞ്ചായത്തുകളായി എരുമേലി, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, അതിരമ്പുഴ പഞ്ചായത്തുകളാണ് 24 വാര്‍ഡുകളുള്ള ജില്ലയിലെ പഞ്ചായത്തുകള്‍. അതിരമ്പുഴയില്‍ രണ്ടു വാര്‍ഡുകളും മറ്റു പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡും വര്‍ധിച്ചാണ് 24 വാര്‍ഡുകളായത്.