ട്രെയിൻ ഗതാഗതം താറുമാറായി, യാത്രക്കാർ വലഞ്ഞു
1481079
Friday, November 22, 2024 5:56 AM IST
എൻജിൻ തകരാർ, പ്ലാറ്റ്ഫോമിൽ തട്ടി അപകടം
ഏറ്റുമാനൂർ: ഗുഡ്സ് ട്രെയിനിന്റെ എൻജിൻ തകരാറിലാകു യും പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടി ഇളകിപ്പോകുകയും ചെയ്തതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. യാത്രക്കാർ വലഞ്ഞു.
സിഗ്നൽ ലഭിക്കാതെ വിവിധ റെയിൽവേ ക്രോസുകൾ അടഞ്ഞുകിടന്നതോടെ നൂറു കണക്കിന് വാഹനങ്ങളുടെ യാത്രയും തടസപ്പെട്ടു.
ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മെറ്റലുമായി റെയിൽ പാളത്തിൽ നിറയ്ക്കാൻ പോയ ഗുഡ്സ് ട്രെയിനിന്റെ എൻജിനാണ് തകരാറിലായത്.
കോട്ടയം ഭാഗത്തേക്ക് പോകുമ്പോൾ ഏറ്റുമാനൂർ സ്റ്റേഷൻ പിന്നിട്ടയുടനെയാണ് തകരാറുണ്ടായത്. തൊട്ടു പിന്നാലെയെത്തിയ വിശാഖപട്ടണം-കൊല്ലം ശബരി സ്പെഷൽ ട്രെയിനിന്റെ എൻജിൻ വേർപ്പെടുത്തി ഗുഡ്സ് ട്രെയിനിൽ ഘടിപ്പിച്ച് ഗുഡ്സ് ട്രെയിൻ തിരികെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
ഇതിനിടെ 3.30ന് എത്തിയ മെമുവും തുടർന്നെത്തിയ പരശുറാം എക്സ്പ്രസും കടത്തിവിട്ടു. നാലു മണിക്കൂർ കാത്തുകിടന്ന ശേഷം 4.35നു മാത്രമാണ് എൻജിൻ തിരികെ ഘടിപ്പിച്ച സ്പെഷൽ ട്രെയിൻ യാത്ര തുടർന്നത്.
ഏറ്റുമാനൂർ സ്റ്റേഷനിൽവച്ച് പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടി ഒന്നാം പ്ലാറ്റ്ഫോമിലെ എർത്ത് ലൈനിൽ തട്ടിയതിനെത്തുടർന്ന് ട്രെയിൻ പിടിച്ചിടേണ്ടി വന്നു. അപകടത്തിനു ശേഷം യാത്ര തുടർന്നെങ്കിലും പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപം ചവിട്ടുപടി ഇളകി മെറ്റിലിൽ ഉരഞ്ഞ് അടർന്നുവീണു. അവിടെ പിടിച്ചിട്ട് തകരാർ പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നത് 40 മിനിറ്റിനു ശേഷമാണ്.
നാലു മണിക്കൂറോളം ട്രെയിൻ ഗതാഗതത്തിന്റെ താളം തെറ്റി. സ്പെഷൽ ട്രെയിനിലെ ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകളോളം ഏറ്റുമാനൂർ സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നു. അസ്വസ്ഥരായ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ ബഹളമുണ്ടാക്കി. കോട്ടയത്ത് ഇറങ്ങേണ്ടിയിരുന്ന തീർഥാടകർ കോട്ടയത്തുനിന്നെത്തിച്ച ട്രാവലറിൽ യാത്ര തുടർന്നു.
സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് വിവിധ റെയിൽവേ ക്രോസുകളിൽ ഗേറ്റ് തുറക്കാനായില്ല.
നൂറു കണക്കിന് വാഹനങ്ങൾ റെയിൽവേ ക്രോസുകളിൽ കാത്തുകിടന്നു. പലയിടത്തും യാത്രക്കാർ ബഹളമുണ്ടാക്കിയെങ്കിലും ഗേറ്റുകൾ തുറക്കാനാകുമായിരുന്നില്ല.