ഒരുങ്ങി, അക്ഷരനഗരിയുടെ അക്ഷരമ്യൂസിയം : ഉദ്ഘാടനം 26ന് മുഖ്യമന്ത്രി നിര്‍വഹിക്കും
1481078
Friday, November 22, 2024 5:56 AM IST
കോട്ടയം: അക്ഷരങ്ങളുടെ നാട്ടില്‍ അറിവിന്റെ വിസ്മയമായി അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വലിയ മ്യൂസിയം ഉദ്ഘാടനത്തിനു തയാറായി. കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് നാട്ടകത്ത് എംസി റോഡരികത്ത് അക്ഷര മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
അക്ഷര മ്യൂസിയത്തിന്റെ ഉദ്ഘാടനം 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കഴിഞ്ഞ മാസം ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെത്തുടര്ന്ന് മാറ്റിവയ്ക്കുകയായിരുന്നു. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ സദസിലാണ് ഉദ്ഘാടനം.
2020 ലെ സംസ്ഥാന ബജറ്റില്‍ 15 കോടി രൂപ അക്ഷരമ്യൂസിയം പദ്ധതിയുടെ ആദ്യഘട്ടത്തിനായി അനുവദിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 25,000 ചതുരശ്രയടിയിലാണ് മ്യൂസിയം. കുരുത്തോല ഉപയോഗിച്ചുള്ള ഫോക് ലോര്‍ തത്തയാണ് അക്ഷര മ്യൂസിയത്തിന്റെ ഔദ്യോഗിക എംബ്ലം.
പരിസ്ഥിതി-ഭിന്നശേഷി സൗഹാര്‍ദ്ദപരമായി ഒരുക്കുന്ന മ്യൂസിയത്തോടൊപ്പം ലൈബ്രറി, ആര്‍ക്കൈവല്‍-ആര്ക്കിയോളജികകല് ശേഖരം, പുസ്തകങ്ങളുടെ പ്രഥമപതിപ്പുകളുടെ ശേഖരം, ഗവേഷണകേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, തിയറ്റര്‍, ഡിജിറ്റലൈസേഷന് ലാബ് എന്നിവയുമുണ്ട്. പ്രഗത്ഭരായ സാഹിത്യകാരന്മാരുടെ രൂപങ്ങള്‍, മെഴുക് പ്രതിമകള്‍ മ്യൂസിയം വളപ്പിൽ സ്ഥാപിക്കും. ഭാഷയുടെ ഉത്ഭവം മുതല്‍ സമകാലക മുഖം വരെ അടയാളപ്പെുടത്തുന്ന ഗാലറിയാണ് ആദ്യത്തേത്.
ഗുഹാചിത്രങ്ങള്‍, ചിത്രലിഖിതങ്ങള്‍, എഴുത്തുപകരണങ്ങള്‍, പ്രതലങ്ങള്‍ എന്നിവയുടെ മാതൃകകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മലയാള കവിതയുടെ ചരിത്രവഴിയെ അടയാളപ്പെടുത്തുന്നതാണ് രണ്ടാംഘട്ടം. കഥ, ചെറുകഥ, നോവല്‍, നാടകം, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യങ്ങള്‍ എന്നിവയുടെ ഇന്നോളമുള്ള ചരിത്രം മൂന്നാംഘട്ട ഗാലറിയില്‍ ഒരുക്കിയിരിക്കുന്നു.
വൈജ്ഞാനികസാഹിത്യം സര്ഗത്മകസാഹിത്യംപോലെ തന്നെ പ്രധാനമാണ് എന്ന ആശയത്തിന്റെ വിപുലീകരണമാണ് നാലാംഘട്ടം.
ലൈറ്റര്‍ ടൂറിസം സര്‍ക്യൂട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കും
ഭാഷക്കും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന അക്ഷര മ്യൂസിയത്തോടൊപ്പംതന്നെ വിപുലീകൃതമായ രീതിയില്‍ വിനോദസഞ്ചാര പ്രോജക്ടുമുണ്ട്. ലൈറ്റര്‍ ടൂറിസം സര്‍ക്യൂട്ടിന്റെ പ്രഖ്യാപനം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.
അക്ഷരവുമായി ബന്ധപ്പെട്ടതും കോട്ടയം നഗരത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന ഇടങ്ങളെയും സ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മലയാളത്തിന്റെ ആദ്യദിനപത്രം ദീപിക, കേരളത്തിലെ ആദ്യ കോളജായ സിഎംഎസ്, വിശുദ്ധ ചാവറയച്ചന് സ്ഥാപിച്ച മാന്നാനത്തെ പ്രസ് എന്നിങ്ങനെ 16 പൈതൃക കേന്ദ്രങ്ങളാണ് ലൈറ്റര്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മ്യൂസിയത്തിന്റെ അടുത്ത ഘട്ടമായി ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവ കൂടി സജ്ജമാക്കാന്‍ പദ്ധതിയുണ്ട്. എപ്പിഗ്രഫി, മ്യൂസിയോളജി, ആര്കൈവിംഗ്, കണ്‍സര്‍വേഷന്‍, പ്രിന്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട പഠന പരിശീലന പരിപാടികളും ലക്ഷ്യമിടുന്നു.