ഐആര്‍സി 2024 ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടി ക്രിസ്തുജ്യോതി വിദ്യാനികേതന്‍ റോബോട്ടിക്സ് ടീം
1467533
Friday, November 8, 2024 7:33 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐഎസ്സി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഐആര്‍സി 2024 റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണേന്ത്യയിലെ ആദ്യ എട്ടില്‍ സ്ഥാനം നേടി.
കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ഐഐടി ഡല്‍ഹിയിലെ ഐ-ഹബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്റര്‍-സ്കൂള്‍ റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പിലാണ് ക്രിസ്തുജ്യോതിയിലെ കുട്ടിശാസ്ത്രജ്ഞന്മാര് മികവു തെളിയിച്ചത്.
മേഖലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് പങ്കെടുത്ത പ്രതിഭാശാലികള്‍ അവരുടെ റോബോട്ടിക്സ് കഴിവുകളും നൂതന ആശയങ്ങളും അവതരിപ്പിച്ച് ശ്രദ്ധനേടി. ക്രിസ്തുജ്യോതി വിദ്യാനികേതനിലെ ജീവന് വര്‍ഗീസ്, എബിന് തോമസ് സുനില്‍, ആദിത്യന് ബിനോയ്, ജോയല്‍ വര്‍ഗീസ് ടോമി എന്നിവരടങ്ങിയ റോബോട്ടിക്സ് ടീമാണ് ദക്ഷിണേന്ത്യന്‍ ഐഎസ്സിഇ സ്കൂളുകളില്‍നിന്ന് ആദ്യ എട്ടില്‍ ഇടംനേടിയത്.
കുട്ടികളുടെ പ്രതിബദ്ധതയും ടീം വര്‍ക്കും മികവുമാണ് ഈ വിജയം തെളിയിക്കുന്നതെന്ന് സംഘാടകര്‍ വിലയിരുത്തി.
എച്ച്ഡിഎഫ്സി സിഇഒ അശുതോഷ് ദത്ത് ശര്‍മ, ഐ-ഹബ് ഡയറക്ടര്‍ പ്രഫ. സുബിര്കുമാര് സാഹ, സി ഐഎസ്സിഇ സെക്രട്ടറി ഡോ. ജോസഫ് ഇമ്മാനുവേല്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്, എഐ ശാസ്ത്രരംഗത്തെ കണ്ടുപിടുത്തങ്ങൾ സംബന്ധിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്കി.