വൈക്കം, ടിവിപുരം മേഖലകളില്‍ കുട്ടികളുടെ മരണം പകര്‍ച്ചപ്പനി മൂലമല്ല: ഡിഎംഒ
1467761
Saturday, November 9, 2024 7:24 AM IST
വൈക്കം: വൈക്കം, ടിവിപുരം മേഖലകളിലെ രണ്ടുകുട്ടികളുടെ മരണം പകര്ച്ചപ്പനിമൂലല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഒരാശങ്കയ്ക്കും അടിസ്ഥാനമില്ല. വൈക്കം നഗരസഭയില്‍ കഴിഞ്ഞമാസം 20നു മരിച്ച 13 വയസുകാരന് മൂത്രനാളിയിലെ അണുബാധ മൂര്ച്ഛിച്ചതുകൊണ്ടുണ്ടായ പ്രശ്നങ്ങളാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കൃത്യമായ മരണകാരണം അറിയാനാകൂ.
മൂത്രമൊഴിക്കുമ്പോള്‍ വേദനയെത്തുടര്‍ന്നു കുട്ടി ഒക്ടോബര്‍ 12നു പ്രദേശത്തെ സ്വകാര്യ ഹോമിയോ ഡോക്ടറുടെ ചികിത്സ തേടിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം 14നു നടത്തിയ ലാബ് പരിശോധനയില്‍ മൂത്രത്തില്‍ പഴുപ്പ് കണ്ടെത്തി. എന്നാല്‍ വേദന ശമിച്ചതിനെതുടര്ന്ന് കുട്ടി ഹോമിയോ ചികിത്സ തുടരുകയും വീട്ടില്‍ തന്നെ വിശ്രമിക്കുകയും ഒക്ടോബര്‍ 20 നു മരിക്കുകയും ചെയ്തു. മൂത്രത്തില്‍ അണുബാധ സ്ഥിരീകരിച്ചാല്‍ കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിഎംഒ പറഞ്ഞു.
വൈക്കത്തുനിന്നു അഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള ടിവിപുരത്ത് 25 നു മരിച്ച 11 വയസുകാരിയുടെ മരണം ആശുപത്രി ചികിത്സാ രേഖകള്‍ പ്രകാരം ന്യുമോകോക്കല്‍ മെനിഞ്ചൈറ്റിസ് ബാധിച്ചത് കാരണമാണെന്ന് ഡിഎംഒ അറിയച്ചു. മരണസമയത്ത് പനി, തലവേദന, ഛര്‍ദില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.ഇത് തലച്ചോറില്‍ മെനിഞ്ചൈറ്റിസ് ബാധിച്ചതിന്റെ ലക്ഷണമാണ്.
വൈറല്‍ പനി: വൈക്കത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്
വൈക്കം: വൈക്കത്ത് വൈറല്‍ പനി പടരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് രോഗ നിരീക്ഷണ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
കാലാവസ്ഥാമാറ്റത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് സാധാരണ കണ്ടുവരാറുള്ള ജലദോഷ സംബന്ധമായ (ഫ്ളൂ) പനിയാണ് കുട്ടികള്‍ക്ക് ബാധിച്ചതെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞമാസം 27 മുതല്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ ഏതാനും കുട്ടികള്‍ക്ക് ആരംഭിച്ച പനി കൂടുതല്‍ കുട്ടികളിലേക്ക് പടരുകയായിരുന്നു. പനി, ജലദോഷം എന്നിവയുള്ള കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നത് ഒഴിവാക്കണം, ഇവര്‍ക്ക് ഡോക്ടറെ കണ്ട് ചികിത്സയും, ആവശ്യമായ വിശ്രമവും, ഭക്ഷണവും പാനീയങ്ങളും നല്കാന് രക്ഷാകര്ത്താക്കള് പ്രത്യേകം ശ്രദ്ധിക്കണം.
അസുഖമുള്ള അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ജോലിക്കെത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.