അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ രാത്രിയിൽ ഡോക്ടറില്ല; രോഗികൾ വലയുന്നു
1467521
Friday, November 8, 2024 7:20 AM IST
അതിരമ്പുഴ: അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ രാത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. നിലവിൽ രാത്രിയിൽ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കാൻ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഏറ്റുമാനൂർ ബ്ലോക്കിലെ ആദ്യ കമ്യൂണിറ്റി ഹെൽത്ത് സെന്ററായ അതിരമ്പുഴ ആശുപത്രിയിൽ 40 കിടക്കകളുണ്ട്. കുറച്ചുകാലം മുമ്പുവരെ ഇവിടെ രാത്രി ഡോക്ടറുടെ സേവനം ഉണ്ടായിരുന്നതാണ്. ഡോക്ടറുടെ സേവനം ഇല്ലാതായതോടെ കിടത്തി ചികിത്സ നിലച്ചു. രാത്രിയാകുന്നതോടെ ആശുപത്രിയുടെ ഗേറ്റുകൾ പൂട്ടും.
രാത്രിയിൽ എന്തെങ്കിലും അസുഖങ്ങളോ ചെറിയ മുറിവുകളോ ഉണ്ടായാൽ അതിരമ്പുഴ ആശുപത്രിയിൽ വന്നാൽ മതിയാകുമായിരുന്നിടത്ത് ഇപ്പോൾ ഒന്നുകിൽ ഏഴു കിലോമീറ്റർ അകലെ മെഡിക്കൽ കോളജിലോ അതല്ലെങ്കിൽ സ്വകാര്യാശുപത്രികളിലോ പോകണം. പാവപ്പെട്ട രോഗികൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു ഡോക്ടറെ രാത്രി സേവനത്തിനായി നിയമിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും.
ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്ക് ഏറ്റുമാനൂർ നഗരസഭയാണ് ഡോക്ടറെ നിയമിച്ചിരിക്കുന്നത്. ഇതേമാതൃകയിൽ അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കാൻ അതിരമ്പുഴ പഞ്ചായത്ത് തയാറാകണമെന്ന് കേരള കോൺഗ്രസ് -എം അതിരമ്പുഴ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയിൽ അധ്യക്ഷത വഹിച്ച യോഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ ഉദ്ഘാടനം ചെയ്തു.
എൻ.എ. മാത്യു, ഫ്രാൻസിസ് സാലസ്, ജിൻസ് കുര്യൻ, ജോസ് അഞ്ജലി, ജോസ് ഓലപ്പുരയ്ക്കൽ, ഷിബു കടുംബശേരിൽ, ജോയ് തോട്ടനാനിൽ, മണി അമ്മഞ്ചേരി, ഷിജോ ഗോപാലൻ, ജോഷി കരിമ്പുകാല, ജോസ് പാറക്കൽ, ജിമ്മി മാണിക്കത്ത്, ടോമി ആലഞ്ചേരി, ജോയി പൊന്നാറ്റിൽ, ജിക്കു മാത്യു, സജി നെടുംതൊട്ടി തുടങ്ങിയവർ പ്രസംഗിച്ചു.