കലവറ നിറഞ്ഞു; വിപുലമായ കാര്‍ഷികോത്സവം ഇന്നുമുതല്‍
1467409
Friday, November 8, 2024 5:34 AM IST
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവിനുള്ള കലവറ നിറഞ്ഞു, വിഭവ സമാഹരണം പൂര്‍ത്തിയായി. നാളെയും മറ്റന്നാളുമായി നടക്കുന്ന കാര്‍ഷികോത്സവിനുള്ള കലവറ നിറയ്ക്കലാണ് നടന്നത്. 14 വാര്‍ഡുകളില്‍നിന്നു സംഭരിച്ച വിഭവങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഫുഡ് കമ്മിറ്റി ചെയര്മാന് കൈമാറി.
ഇന്നു രാവിലെ എട്ടിന് നാടുകുന്ന് നിന്ന് വിളംബര റാലി ഫാ. തോമസ് പഴവക്കാട്ടിലിന്റെ സാന്നിധ്യത്തില്‍ പാലാ ഡിവൈഎസ്പി കെ. സദന് ഫ്ളാഗ് ഓഫ് ചെയ്യും.തുടര്‍ന്ന് ടൗണ്‍ ചുറ്റി ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയുടെ അകമ്പടിയോടെ റാലി സമ്മേളന നഗരിയില്‍ എത്തും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും. പുരാവസ്തു പ്രദര്‍ശനവും വിളമത്സരവും പ്രദര്‍ശനവും എം.എം. തോമസ് ഉദ്ഘാടനം ചെയ്യും.
കാര്‍ഷികോത്സവ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. പ്രമോദ് മാധവന് സെമിനാര്‍ നയിക്കും. തേങ്ങാ പൊതിക്കല്‍, കപ്പ പൊളിക്കല്‍ മത്സരങ്ങള്‍ നടക്കും. തുടർന്ന് മുതിര്‍ന്ന കര്‍ഷകരുടെ സംഗമവും അനുഭവങ്ങള്‍ പങ്കുവയ്ക്കലും, പാടത്ത് ഞാറു നടീല്‍ മത്സരം, ചേറ്റിലോട്ട മത്സരങ്ങള്‍, സൗഹൃദ വടംവലി മത്സരം എന്നിവ നടക്കും.
വൈകുന്നേരം ആറിന് കലാസന്ധ്യ സിനിമ ആര്‍ട്ടിസ്റ്റ് ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യും. ഗിന്നസ് റിക്കാര്‍ഡ് ജേതാവ് കുറിച്ചിത്താനം ജയകുമാര്‍ സന്നിഹിതനായിരിക്കും.
കര്‍ഷകനൃത്തം, കോല്‍ക്കളി, മിമിക്രി, സിനിമാറ്റിക് ഡാന്‍സ്, നാടന്‍പാട്ട്, കൊയ്ത്തുപാട്ട്, കിച്ചണ്‍ മ്യൂസിക്, കൈകൊട്ടികളി, മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും നടക്കും.