ചങ്ങനാശേരി ഉപജില്ലാ സ്കൂള്‍ കലോത്സവം 11 മുതല്‍ 15 വരെ കുറുമ്പനാടത്ത്
1467804
Saturday, November 9, 2024 7:35 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഉപജില്ലാ സ്കൂള്‍ കലോത്സവം "ചിലമ്പൊലി 2കെ24' 11 മുതല്‍ 15വരെ കുറുമ്പനാടം സെന്റ് പീറ്റേഴ്സ്, സെന്റ് ആന്റണീസ്, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം, ഗവണ്മെന്റ് എല്‍പി സ്കൂളുകളിലായി നടക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എഇഒ കെ.എ. സുനിത, ജനറല്‍കണ്‍വീനര്‍ ജയിംസ് മാളിയേക്കല്‍, മാടപ്പള്ളി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. ബിന്സണ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
11ന് ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് പീറ്റേഴ്സ് സ്കൂളിലെ പ്രധാന ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം നിര്‍വഹിക്കും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, എഇഒ കെ.എ. സുനിത, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യന് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് 22 വേദികളിലായി നടക്കുന്ന വിവിധയിനം മത്സരങ്ങളില്‍ മൂവായിരത്തിനാനൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
15ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ് എന്നിവര്‍ പ്രസംഗിക്കും. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍ സമ്മാനദാനം നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ കണ്‍വീനര്‍മാരായ വര്‍ഗീസ് ആന്റണി, ബിനു ജോയി, അരുണ്‍ തോമസ്, ജോമോന് മാത്യു, രമ്യാ റോയി, രാജേഷ്കുമാര്‍, പി.സി. രാധാകൃഷ്ണന് എന്നിവരും പങ്കെടുത്തു.