മാലിന്യമുക്തം നവകേരളം കാമ്പയിൻ : ഈരാറ്റുപേട്ടയിൽ 1600 വിദ്യാർഥികൾ ജനപ്രതിനിധികളോട് സംവദിക്കും
1467410
Friday, November 8, 2024 5:34 AM IST
ഈരാറ്റുപേട്ട: 14ന് ശിശുദിനത്തിൽ ഈരാറ്റുപേട്ട നഗരസഭയിലും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർഥികളും 800 വിദ്യാർഥിനികളും ഉൾപ്പെടെ 1600 വിദ്യാർഥികൾ ശുചിത്വ മാലിന്യ സംസ്കരണ വിഷയത്തിൽ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദം നടത്തും. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ശിശുദിനത്തിൽ നടത്തുന്ന കുട്ടികളുടെ ഹരിതസഭകളിലാണ് സംവാദം നടക്കുക.
സ്കൂളിലെയും തദ്ദേശ സ്ഥാപനത്തിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ തത്സ്ഥിതി സംബന്ധിച്ച് ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ റിപ്പോർട്ട് അവതരിപ്പിച്ചശേഷമാണ് ജനപ്രതിനിധികളുമായി സംവദിക്കുക. കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ജനപ്രതിനിധികൾ മറുപടി നൽകണം.
നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികൾ, കുട്ടികളുടെ ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഹരിതസഭയ്ക്കുശേഷം അടുത്ത ദിവസം വിദ്യാർഥികളുടെ പ്രതിനിധിസംഘം തദ്ദേശ സ്ഥാപന ഓഫീസിലെത്തി ഹരിതസഭയുടെ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കും. ഇത് പ്രത്യേക അജൻഡയാക്കി തദ്ദേശ സ്ഥാപനതല ഭരണസമിതി ചേർന്നു തീരുമാനമെടുക്കണം.