സ്ഥിരം ജീവനക്കാര്‍ക്കു വൈമനസ്യം; ബദലിക്കാര്‍ക്ക് നിർബന്ധിത ഡ്യൂട്ടി
1467802
Saturday, November 9, 2024 7:35 AM IST
കണ്ണൂര്‍, പഴനി ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റുകളിൽ
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള കണ്ണൂര്‍, പഴനി ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളില്‍ താത്കാലിക (ബദലി) ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത ഡ്യൂട്ടി നല്കുന്നു. കെഎസ്ആര്‍ടിസിയിലെ വിവിധ ട്രേഡ് യൂണിയന് നേതാക്കളുടെ ഇടപെടലിലാണ് ഷെഡ്യൂള്‍ മാറ്റത്തിന്റെ പേരില്‍ ബദലി ജീവനക്കാര്‍ക്ക് ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടി നല്‍കുന്നതെന്നാണ് ആരോപണം.
ചെറുകിട സര്‍വീസുകളില്‍ ഡ്യൂട്ടി ലഭിക്കാത്തതുമൂലം താത്കാലിക ജീവനക്കാര്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരാകുകയാണ്. താത്കാലിക ജീവനക്കാരന് ഫാസ്റ്റ് സര്‍വീസില്‍ വരെയെ ഡ്യൂട്ടി പാടുള്ളൂവെന്ന കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവ് നിലനില്‍ക്കേയാണ് ഇവരെ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ഇത് കെഎസ്ആര്‍ടിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടി ചെയ്യാനുള്ള വൈമനസ്യമാണ് താത്കാലികക്കാര്ക്കു സമ്മര്ദമേറാന് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ബദലി ജീവനക്കാരെ ഷെഡ്യൂളില്‍ ഒപ്പിടിവിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
ചങ്ങനാശേരിയില്‍ നിന്നുള്ള കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നേരത്തെ രാജപുരം വരെയാണ് ഓടിയിരുന്നത്. കോവിഡിനുശേഷം കളക്ഷന്‍ കുറവുമൂലം ഈ സര്‍വീസ് കണ്ണൂർ വരെയായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
രാവിലെ 6.45ന് ചങ്ങനാശേരിയില്നിന്നാരംഭിക്കുന്ന ഈ ബസ് രാത്രി ഏഴിന് അവിടെ എത്തുകയും പിറ്റേന്നു രാവിലെ എട്ടിന് അവിടെനിന്നു പുറപ്പെട്ട് രാത്രി എട്ടിന് ചങ്ങനാശേരിയില്‍ തിരിച്ചെത്തുന്നതുമാണ് ഈ ബസിന്റെ ഷെഡ്യൂള്‍. ഈ സര്‍വീസിന് മൂന്ന് ഡ്യൂട്ടിയാണുള്ളത്. താത്കാലിക ജീവനക്കാരന് ഒരു ഡ്യൂട്ടിക്ക് 715 രൂപ വീതമാണ് വേതനം ലഭിക്കുന്നത്.
രാത്രി 7.10നു പുറപ്പെടുന്ന പഴനി സര്‍വീസിന് രണ്ട് ഡ്യൂട്ടിയാണുള്ളത്. സ്ഥിരം ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ഓഫ് ഉണ്ടെന്നിരിക്കെ ബദലി ജീവനക്കാരെ ഓഫും അവധിയുമില്ലാതെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ടു സര്‍വീസുകളിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ സിസ്റ്റം നടപ്പാക്കിയാല്‍ ഉപകരിക്കുമെന്ന അഭിപ്രായം ജീവനക്കാര്‍ക്കിടയിലുണ്ട്.