പൈപ്പ് സ്ഥാപിച്ച കുഴിക്കു മുകളിലിട്ട മെറ്റിൽ റോഡിൽ നിരന്നു
1467673
Saturday, November 9, 2024 5:54 AM IST
പൊൻകുന്നം: വാട്ടർ അഥോറിറ്റി ജലവിതരണക്കുഴലിന്റെ തകരാർ പരിഹരിച്ചതിനുശേഷം കുഴിക്കു മുകളിൽ നിരത്തിയ മെറ്റിൽ ഇന്നലെ വൈകുന്നേരം കനത്തമഴയിൽ ഒലിച്ച് റോഡിൽ നിരന്നു. ദേശീയപാതയിൽ കെവിഎംഎസ് കവലമുതൽ ഇന്ത്യൻ ഓയിൽ പമ്പ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കോൺക്രീറ്റിംഗിനായി നിരത്തിയ മെറ്റിലാണ് ഒഴുകി നിരന്നത്.
പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂൾ വളപ്പിലെ വെള്ളം റോഡിലേക്ക് കുത്തിയൊഴുകിയെത്തിയതാണ് അപകടാവസ്ഥയ്ക്ക് കാരണം. ഇതിന് മുന്പും മഴയിൽ വളപ്പിൽനിന്ന് വൻതോതിൽ വെള്ളം റോഡിലേക്കെത്തി റോഡരികും ടാറിംഗും തകർന്നിട്ടുണ്ട്.
ഓടയിലേക്ക് വെള്ളം വീഴാൻ സൗകര്യമില്ലാത്തതാണ് പ്രശ്നം. ഓടയുടെ സ്ലാബ് മാറ്റി പകരം ഗ്രിൽ സ്ഥാപിച്ചാൽ വെള്ളം റോഡിൽ നിരക്കാതെ ഓടയിലേക്ക് പതിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ ദേശീയപാതാ വിഭാഗത്തിന് മാസങ്ങൾക്ക് മുന്പ് നിവേദനം നൽകിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഇതേ അവസ്ഥ തുടർന്നാൽ ഈ ഭാഗത്ത് റോഡ് തകർച്ച പതിവായി അപകടസാധ്യത വർധിക്കും.