തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങൾ കുറയുന്നു
1467768
Saturday, November 9, 2024 7:24 AM IST
കടുത്തുരുത്തി: തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു. ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍.
കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്‍പ്പെടെ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. മീന്‍പിടിത്തം ഉപജീവനമാക്കിയ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
കല്ലറ, കടുത്തുരുത്തി, മാഞ്ഞൂര്‍, നീണ്ടൂര്‍, തലയാഴം, വെച്ചൂര്‍, ചെമ്പ്, മുളക്കുളം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, വെള്ളൂര്‍ പഞ്ചായത്തുകളിലെ ഉള്‍പ്പെടെയുള്ള തോടുകളും പുഴകളും ഒരുകാലത്ത് മത്സ്യസമൃദ്ധമായിരുന്നു. നാടന്‍മത്സ്യങ്ങളുടെ വംശനാശമാണ് മീന്‍ കുറയാന്‍ കാരണം.
മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഒരുപകല്‍ മുഴുവന്‍ പണിയെടുത്താലും കാര്യമായ നേട്ടം ഇല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ ദിവസം 20 മുതല്‍ 25 കിലോ വരെ മത്സ്യം കിട്ടിയിരുന്നു. ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ക്കുള്ള വരുമാനം പോലും തൊഴിലില്‍ നിന്ന് ലഭിക്കുന്നില്ല. മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്ന വേനല്‍ക്കാലത്ത് പലപ്പോഴും വീടുകള്‍ പ്രതിസന്ധിയിലാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു.
നീരൊഴുക്കില്ല; മാലിന്യവും
തോടുകളിലും ചെറിയ നീര്‍ച്ചാലുകളിലും പോളയും പായലും നിറഞ്ഞു. ഇവയുടെ വേരുകള്‍ ജലാശയങ്ങളുടെ അടിയിലേക്ക് വളര്ന്നിറങ്ങിയതോടെ മീനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതായി.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മത്സ്യസമ്പത്ത് നശിപ്പിക്കാനിടയാക്കി. അമിതമായ കീടനാശിനിയുടെ ഉപയോഗവും രാസവളപ്രയോഗവും നടത്തിയശേഷം പാടശേഖരങ്ങളില്‍നിന്ന് പുറന്തള്ളുന്ന വെള്ളം തോടുകളിലേക്ക് ഒഴുക്കുന്നതും മീനുകളുടെ നാശത്തിന് കാരണമാകുന്നു. കരിയാര്‍ സ്പില്‍വേ വഴി കായലില്‍ നിന്ന് ഉപ്പുവെള്ളം കയറ്റിവിടാത്തതും മത്സ്യങ്ങളുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു.
ശുദ്ധജലവും ഉപ്പുവെള്ളവും ചേരുന്നിടത്തുവെച്ചാണ് മിക്ക മത്സ്യങ്ങളും പ്രജനനം നടത്തുന്നത്. നാട്ടുമത്സ്യങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി നടപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ആവശ്യക്കാരുണ്ട്, മീനില്ല
പുഴകളില്‍നിന്നും തോടുകളില്‍ നിന്നും കാരി, വരാല്, വാള, കൂരി, ചെമ്പല്ലി, പരല്‍, പള്ളത്തി, പുല്ലന്, മണല്‍ വാള, ആറ്റുചെമ്പല്ലി, മഞ്ഞക്കൂരി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇവയില്‍ പലതും നാമമാത്രമായി മാറികഴിഞ്ഞു. ഇത്തരം നാട്ടുമത്സ്യങ്ങള്‍ വില്ക്കാനെത്തിച്ചാല് മറ്റു മത്സ്യങ്ങളേക്കാള്‍ ആവശ്യക്കാരുണ്ടായിരുന്നു. ഇവയ്ക്കു ഉയര്‍ന്ന വിലയും ലഭിച്ചിരുന്നു. കരിമീനിന് കിലോ 350 മുതല്‍ 700 വരെയാണ് വലുപ്പത്തിനനുസരിച്ച് വില.
മഞ്ഞക്കൂരി-300, വരാല്-400 മുതല്‍ 600, കാരി-400, വാള- 200 മുതല്‍ 400 വരെ, ചെമ്പല്ലി-250, കറൂപ്പ്-200 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ വില. കടുത്തുരുത്തി മാര്‍ക്കറ്റ്, കുറുപ്പന്തറ, കല്ലറ, മാന്നാര്‍, തലയോലപ്പറമ്പ്, മുളക്കുളം എന്നിവിടങ്ങളിലെല്ലാം ഇത്തരം മത്സ്യങ്ങള്‍ വില്‍ക്കുന്നുണ്ട്.
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കണം
ഉള്‍നാടന്‍ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ദീര്ഘകാലാടിസ്ഥനത്തില് പദ്ധതി രൂപവത്കരിക്കണം. തുടര്‍ന്ന് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാനുള്ള ബൃഹത് പദ്ധതി നടപ്പാക്കണം.
നോബി മുണ്ടയ്ക്കന്,
പഞ്ചായത്തംഗം,
കടുത്തുരുത്തി