വൈക്കം സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിന് മുന്നിലെ കായലോരത്തെ പുല്ലും പോളപായലും നീക്കണം
1467800
Saturday, November 9, 2024 7:35 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് കുടുംബങ്ങൾ കൂടുതലായി എത്തുന്ന കായലോര ബീച്ചിനു സമീപത്തെ പോള പായലും പുല്ലും നീക്കി മാലിന്യ വിമുക്തമാക്കണമെന്ന ആവശ്യം ശക്തമായി.
വൈക്കം കായലോര ബീച്ചിലെ സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിന് മുന്നിലെ കായലോരത്ത് കനത്ത തോതിൽ വളർന്നു തിങ്ങിയ പുല്ലും പോള പായലും കായലോരത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണ് കുട്ടികളുമായി കായലോര ബീച്ചിലും സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിലും സായാഹ്നത്തിൽ അസ്തമയം കാണാനെത്തുന്നത്.
രാത്രി പ്രകാശത്തിൽ മുങ്ങുന്ന കായലിന്റെ സൗന്ദര്യം പായലും പുല്ലും വളർന്ന് മൂടിയതിനാൽ ഇവിടെ എത്തുന്നവർക്ക് നുകരാനാവുന്നില്ല.
വൈക്കത്തഷ്ടമി ഉത്സവത്തിനു മാറ്റുകൂട്ടാൻ കായലോരത്തെ പുല്ലും പോള പായലും നീക്കി കായൽ തീരം ശുചീകരിക്കാൻനഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.