ആന്റിബയോട്ടിക്കുകള്‍ ഇന്നു മുതല്‍ നീല കവറുകളില്‍ നല്‍കും
1467520
Friday, November 8, 2024 7:20 AM IST
കോട്ടയം: ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും ഇന്നു മുതല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ പൊതുജനങ്ങള്‍ക്കു നീലകവറുകളില് നല്‍കും. മരുന്നുകള്‍ നല്‍കുന്നതിനുള്ള കവറുകള്‍ ഇന്നലെ ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും എത്തിച്ചു.
നാളുകള്‍ക്കു മുമ്പാണ് ആന്റിബയോട്ടിക് മരുന്നുകള്‍ നീലനിറത്തിലുള്ള കവറിൽ വിതരണം ചെയ്യണമെന്ന നിര്‍ദേശം പുറത്തിറങ്ങിയത്. ഇത് ആദ്യമായി നടപ്പാക്കുന്നത് കോട്ടയം ജില്ലയിലാണ്. ഡ്രഗ്സ് ലൈസന്‍സുള്ള എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും കവറുകള്‍ കോട്ടയം പൈകടാസ് ലൈനിലുള്ള എകെസിഡിഎ ഓഫീസില്‍നിന്നും ലഭിക്കും.
പൊതുജന ബോധവത്കരണ ആന്റിമൈക്രോബിയല്‍ പ്രതിരോധ പോസ്റ്ററും കവറുകളും എല്ലാം മെഡിക്കല്‍ ഷോപ്പുകളിലും നിര്‍ബന്ധമാണെന്ന് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ താര എസ്. പിള്ള പറഞ്ഞു. കവര്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും താര എസ്. പിള്ള നിര്‍വഹിച്ചു.
എകെസിഡിഎ ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ ഡോ. ജമില ഹെലന് ജേക്കബ്, ബബിത കെ. വാഴയില്‍, ശൈല രാജന്, കെ.ജെ. ആന്റണി, ജി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.