പൊൻകുന്നം-തമ്പലക്കാട്-കപ്പാട് റോഡ് തകർന്നു
1467668
Saturday, November 9, 2024 5:37 AM IST
ദുരിതയാത്രയിൽ പ്രദേശവാസികൾ
കാഞ്ഞിരപ്പള്ളി: പൊൻകുന്നം-തമ്പലക്കാട്-കപ്പാട് റോഡ് പൂർണമായി തകർന്നതോടെ ദുരിതയാത്രയിൽ പ്രദേശവാസികൾ. പ്രതിഷേധം ശക്തമാകുന്പോൾ തട്ടിക്കൂട്ടു പണികൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് അധികൃതർ നടത്തുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.
നിരവധി നിവേദനങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി രണ്ടു മാസം മുമ്പ് നിർമാണം തുടങ്ങുന്നുവെന്ന രീതിയിൽ മൂന്നു ചപ്പാത്തുകൾ കോൺക്രീറ്റ് ചെയ്തു. അതിനുശേഷം റോഡിൽ അവിടവിടെയായി അല്പം മിറ്റൽ നിരത്തി. നിർമാണം നിർത്തിയതോടെ കോൺക്രീറ്റ് ചെയ്ത ചപ്പാത്തുകൾ റോഡിൽനിന്ന് ഉയർന്നു നിൽക്കുന്നതും കനത്ത മഴയിൽ ഇട്ടിരുന്ന മെറ്റിൽ റോഡിലാകെ നിരന്നുകിടക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ്.
കാറുകൾ കുഴിയിൽച്ചാടി അടിവശം ഇടിച്ചു കേടുപാടുകൾ സംഭവിക്കുന്ന സ്ഥിതിയാണ്. മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങള്‍ കുഴിയിൽച്ചാടി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും നിരവധി ഇരുചക്രവാഹന യാത്രക്കാർക്കു പരിക്കേൽക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
റോഡിന്റെ അരികുകൾ തകർന്നതോടെ മിക്കയിടങ്ങളിലും റോഡിന്റെ വീതി കുറഞ്ഞ നിലയിലാണ്. ഓടകൾ ഇല്ലാത്തതിനാൽ വെള്ളമൊഴുകി റോഡിൽ വലിയ കട്ടിംഗും രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ പല ഭാഗങ്ങളിലും കയറ്റം കയറി വരുന്ന വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കോൺഗ്രസ് പ്രതിഷേധം
ഉടൻ തന്നെ റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ് തമ്പലക്കാട് മേഖലാ കമ്മിറ്റി തീരുമാനിച്ചു. വാർഡ് അംഗം രാജു ജോർജ് തേക്കുംതോട്ടം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, ജില്ലാ ജനറൽ സെക്രട്ടറി പി.എ. ഷെമീർ, മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, സഹകരണബാങ്ക് അംഗം ദിലീപ് ചന്ദ്രൻ പറപ്പള്ളി, ബ്ലോക്ക് സെക്രട്ടറി ബിനു കുന്നുംപുറം, ബൂത്ത് പ്രസിഡന്റുമാരായ ജോബി കുര്യാക്കോസ്, ബിന്നി അമ്പിയിൽ, ബിനു കളപ്പുര, ബാബു മാളിയേക്കൽ, സാബു ചീരാങ്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.