പായിപ്പാട് തെറ്റിച്ചാല്ക്കോടി പാടശേഖരത്ത് മടവീഴ്ച : വിത മുടങ്ങി; ലക്ഷങ്ങളുടെ നഷ്ടം
1467807
Saturday, November 9, 2024 7:35 AM IST
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍പ്പെട്ട തെറ്റിച്ചാല്ക്കോടി പാടശേഖരത്ത് ബണ്ട് പൊട്ടി മടവീഴ്ച. വിത മുടങ്ങി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. ബുധനാഴ്ച രാവിലെ നെല്‍വിത്തുമായി വിതയ്ക്കാനെത്തിയ കര്‍ഷകരാണ് മടവീണത് കണ്ടത്.
മൂന്നരലക്ഷത്തോളം രൂപമുടക്കി പുതിയ മോട്ടോര്‍ തറയും ഏഴു ലക്ഷത്തോളം രൂപ മുടക്കി ബണ്ടും നിര്‍മിച്ചിരുന്നു. കൃഷിക്കായി ഒരുക്കി കക്കയും കളനാശിനിയും പ്രയോഗിച്ചിരുന്ന പാടശേഖരത്തിലാണ് മടവീഴ്ചയില്‍ നാശം സംഭവിച്ചത്.
നാല്പതു മീറ്ററോളം നീളത്തിലാണ് ബണ്ട് തകര്‍ന്നു മടവീഴ്ചയുണ്ടായത്. 140 മീറ്ററോളം ബണ്ട് അപകട ഭീഷണിയിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇന്നലെ ബണ്ട് പുനഃസ്ഥാപിക്കുന്നതിന് കര്‍ഷകരുടെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴമൂലം ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 32 കര്‍ഷകരുടെ 55 ഏക്കറോളം വരുന്ന പാടശേഖരമാണ് തെറ്റിച്ചാല്ക്കോടി പാടശേഖരം. പായിപ്പാട് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു.
മടവീഴ്ചമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നകത്താന്‍ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ സിബിച്ചന് ഒട്ടത്തില്‍, മനോജ് മുകുന്ദന് എന്നിവര്‍ ആവശ്യപ്പെട്ടു.