‘സ്വർഗം' സിനിമയില്‍ പങ്കാളികളായി ഒരു കുടുംബത്തില്‍നിന്ന് നാലു പേര്
1467414
Friday, November 8, 2024 5:34 AM IST
പാലാ: ഇന്നു റിലീസാവുന്ന "സ്വര്‍ഗം' എന്ന സിനിമയില്‍ തന്റെ കുടുംബത്തില്‍നിന്നു നാലു പേര് ഭാഗമായതിന്റെ സന്തോഷത്തിലാണ് കടനാട് വള്ളോംപുരയിടത്തില്‍ ബിനു.
സിഎന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഇവരുടെ സുഹൃത്തും നാട്ടുകാരിയുമായ ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് നിര്‍മിച്ച് റെജീഷ് ആന്റണി സംവിധാനം ചെയ്ത സ്വര്‍ഗം എന്ന ചിത്രത്തിലാണ് ബിനുവിന്റെ മക്കളായ അനഹ മാത്യുവും സ്നേഹ മാത്യുവും കോളജ് വിദ്യാര്‍ഥികളായി വേഷമിടുന്നത്.
ബിനുവിനും മകന് ആന്‍ജോ മാത്യുവിനും ഈ ചിത്രത്തില്‍ ഡബ്ബിംഗ് ആര്ട്ടിസ്റ്റുകളാവാനുള്ള അവസരവുമുണ്ടായി. എറണാകുളത്ത് സൗത്ത് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ്.
ബിനു മുമ്പ് "മാസ്കാണ് പ്രധാനം' എന്ന ടെലിഫിലിമിലും "യുവേഴ്സ് ലൗവിംഗിലി' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇതേ ചിത്രത്തിലെ ഒരു പാട്ടുരംഗത്ത് അനഹയും സ്നേഹയുമുണ്ട്.
പ്രാദേശിക പത്രപ്രവര്‍ത്തകനായ ബിനു കത്തോലിക്ക കോണ്‍ഗ്രസ് കടനാട് മേഖല പ്രസിഡന്റും കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമാണ്. ആന്‍ജോ പിഎസ്സി കോച്ചിംഗ് പഠിക്കുന്നു. അനഹ ബംഗളൂരു ക്രിസ്തുജയന്തി കോളജില്‍ പിജി വിദ്യാര്‍ഥിയും സ്നേഹ ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്സുമാണ്.