മഴ പെയ്താൽ പ്രളയം; പി.പി. ജോസ് റോഡ് കടക്കാന്‍ നീന്തല്‍ പഠിക്കണം
1467803
Saturday, November 9, 2024 7:35 AM IST
ചങ്ങനാശേരി: പി.പി. ജോസ് റോഡ് കടക്കാന്‍ നീന്തല്‍ പഠിക്കണം. ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് അസംപ്ഷന്‍, എസ്ബി കോളജുകള്‍, മോര്‍ക്കുളങ്ങര എകെഎം സ്കൂള്‍, അരഡസനോളം ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കു നൂറുകണക്കിനു വിദ്യാര്‍ഥികളുള്‍പ്പെടെ ആളുകള്‍ സഞ്ചരിക്കുന്ന റോഡാണ് ഒറ്റ മഴയിൽ വെള്ളക്കെട്ടാകുന്നത്. ഈ വര്‍ഷത്തെ പല മഴയത്തും ഈ റോഡില്‍ വെള്ളക്കെട്ടും യാത്രാതടസവും ഉണ്ടായെങ്കിലും പ്രശ്നപരിഹാരത്തിന് അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ലക്ഷക്കണക്കിനു രൂപ മുടക്കി ടൈല്‍പാകി റോഡ് അടുത്തിടെ നവീകരിച്ചെങ്കിലും മലിനജലം ഒഴുകിപ്പോകാനുള്ള കാര്യക്ഷമമായ സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധിക്കു കാരണമാകുന്നത്. ഈ റോഡരികിലുള്ള ട്രാന്‍സ്ഫോര്‍മര്‍ വെള്ളക്കെട്ടിലകപ്പെടുന്നതും അപകടസാധ്യതകള്‍ വിളിച്ചുവരുത്തുന്നതാണ്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടവര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണം. പാടംനികത്തി നിര്‍മിച്ച ഈ റോഡില്‍ നൂതനമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കില്‍ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാകൂവെന്നാണ് നഗരവാസികളുടെ അഭിപ്രായം.