ചങ്ങനാശേരി റെയില്‍വേ ജംഗ്ഷന് ഫ്ളൈഓവര്‍: രേഖകള്‍ ഹാജരാക്കിയ ഭൂവുടമകള്‍ക്ക് പണം നല്കി
1467529
Friday, November 8, 2024 7:26 AM IST
പണം നല്കിയ ഭൂമി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന് കൈമാറി
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ ജംഗ്ഷന് ഫ്ളൈഓവര്‍ നിര്‍മാണത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കിയ 65 ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നൽകി. ഇത്രയും ഭൂമി ഏറ്റെടു ത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന് കൈമാറി.
ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള നാലുവസ്തുക്കള്‍ സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഈ കേസില്‍ തീര്പ്പുണ്ടാകുന്നതോടെ ഫ്ളൈ ഓവര്‍ നിര്‍മാണ ജോലികള്‍ക്ക് തുടക്കമാകും.
ഫ്ളൈഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്ന ആകെ 69 കേസുകളാണ് വൈക്കത്തുള്ള കിഫ്ബി തഹസില്‍ദാരുടെ പക്കല്‍ ഹാജരാക്കിയിരുന്നത്. ഇതിലെ 65 കേസുകളും പരിഹരിക്കപ്പെട്ടുകഴിഞ്ഞു. കൃത്യമായ രേഖകള്‍ ഹാജരാക്കാതിരുന്ന ഏതാനും പേരുടെ നിയമാനുസൃത നഷ്ടപരിഹാരത്തുക കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതിയില്‍ കെട്ടിവച്ച് കക്ഷികള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കിഫ്ബി തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടി.
വൈക്കം മറവന്തുരുത്തിലുള്ള കിഫ്ബി സ്പെഷൽ തഹസില്‍ദാരുടെ ഓഫീസിലാണ് ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് ഹിയറിംഗ് നടത്തി ഭൂവുടമകള്‍ക്ക് പണം കൈമാറിയത്. ചങ്ങനാശേരി, വാഴപ്പള്ളി ഈസ്റ്റ് വില്ലേജുകളിലായി ഒരേക്കറോളം സ്ഥലമാണ് ഫ്ളൈഓവറിന്റെ നിര്‍മാണത്തിനായി ഏറ്റെടുത്തത്.
1060 മീറ്റര്‍ നീളമുള്ള ഫ്ളൈഓവറിന് ഒമ്പതുമീറ്റര്‍ വീതിയും ആറു മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും രണ്ട് മീറ്റര്‍ വീതിയില്‍ ഫുട്പാത്തും ഡ്രെയിനേജ് സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ളൈഓവറിന്റെ നിര്‍മാണ ചുമതല പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ്.
ചങ്ങനാശേരി ബൈപാസ് നാലുവരിപ്പാതയാക്കണമെന്ന്
ചങ്ങനാശേരി: റെയില്‍വേ ജംഗ്ഷന് ഫ്ളൈഓവര്‍ നിര്‍മാണത്തോടൊപ്പം ളായിക്കാട് പാലാത്രച്ചിറ ചങ്ങനാശേരി ബൈപാസ് റോഡ് നാലുവരിപ്പാതയാക്കണമെന്ന അഭിപ്രായവും ഉയരുന്നു.
ഈ ബൈപാസിന്റെ നിര്‍മാണ ഘട്ടത്തില്‍തന്നെ മുനിസിപ്പല്‍ ടൗണ്‍ പ്ലാനിലെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 24 മീറ്റര്‍ റോഡ് വിപുലീകരണത്തിന് നിര്‍ദേശമുള്ളതാണ്. ഇതുമൂലം വീടോ കെട്ടിടങ്ങളോ പൊളിച്ചുമാറ്റാതെ സ്ഥലം ഏറ്റെടുക്കല്‍ എളുപ്പമാകും.
നിലവിലുള്ള റോഡിന് 15 മീറ്റര്‍ വീതിയാണുള്ളത്. വീതികൂട്ടലിനായി ഇരുവശങ്ങളിലും ആവശ്യത്തിനുള്ള സ്ഥലം മുനിസിപ്പല്‍ ടൗണ്‍ പ്ലാനിംഗിന്റെ നിയന്ത്രണ വിധേയമായി നിര്‍മാണ നിരോധിതമേഖലയാണ്. ഈ സാഹചര്യത്തില്‍ ഈ വസ്തുവകകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കി ഏറ്റെടുക്കാം.
ചങ്ങനാശേരി-കവിയൂര്‍ റോഡും ചങ്ങനാശേരി ബൈപാസും സംഗമിക്കുന്ന ഈ ബൈപാസിലെ എസ്എച്ച് ജംഗ്ഷനിലും ഫ്ളൈഓവര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പടിഞ്ഞാറന്‍ ബൈപാസ് നിര്‍മാണം മരവിച്ച സാഹചര്യത്തിലാണ് കിഴക്കന്‍ ബൈപാസ് എന്നറിയപ്പെടുന്ന ചങ്ങനാശേരി ബൈപാസിന്റെ വികസനം അനിവാര്യമാണെന്ന അഭിപ്രായം ഉയരുന്നത്.
എന്‍എച്ച്-183 (എംസി റോഡ്) ല്‍ ളായിക്കാട്ട് ആരംഭിച്ച റെയില്‍വേ സ്റ്റേഷന്ജംഗ്ഷനില് ചങ്ങനാശേരി-വാഴൂര്‍ റോഡിനു കുറുകെകടന്ന് എന്‍എച്ച്-183 (എംസി റോഡ്) ല്‍ പാലാത്രച്ചിറയിലെത്തുന്ന ഈ ബൈപാസ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാനപരിഹാരമാണ്.
ഈ ബൈപാസിന്റെ വികസനം സംബന്ധിച്ച് ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആൻഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.