യാത്രക്കാര്‍ ജാഗ്രതൈ! കൊല്ലപ്പള്ളി-മേലുകാവ് റോഡ് നിറയെ കുഴികൾ
1467679
Saturday, November 9, 2024 6:03 AM IST
കൊല്ലപ്പള്ളി: കൊല്ലപ്പള്ളി-മേലുകാവ് റോഡ് നിറയെ ചതിക്കുഴികള്‍. ഈ കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ക്കു പരിക്കേൽക്കുന്നതു നിത്യസംഭവമായി മാറി. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മിക്ക കുഴികളും രൂപപ്പെട്ടിരിക്കുന്നതു റോഡില്‍ കൊടുംവളവുകളുള്ള ഭാഗത്താണ്.
കൊല്ലപ്പള്ളി കവല വഴിമുക്കില്‍ രൂപപ്പെട്ട കുഴി വാഹനങ്ങള്‍ക്ക് ഒരു തരത്തിലും ഒഴിവാക്കി പോകാന്‍ പറ്റാത്ത സ്ഥലത്താണ്. എസ് വളവില്‍ നിരവധി കുഴികളുണ്ട്. ഈ കുഴിയില്‍ വീണു കൊടുമ്പിടി സ്വദേശിയായ യുവാവിനു കഴിഞ്ഞദിവസം പരിക്കേറ്റിരുന്നു. ഇവിടെ വഴിവിളക്ക് ഇല്ലാത്തതും അപകടത്തിനു കാരണമാകുന്നുണ്ട്.
കൊടുമ്പിടി റേഷന്‍കട ഭാഗത്തു റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇവിടെ പലതവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും ഇപ്പോഴും റോഡ് നിറയെ കുഴികള്‍ മാത്രം. കൊടുമ്പിടി ജംഗ്ഷൻ, താബോര്‍ ജംഗ്ഷന്, ജിയോവാലി പള്ളിക്കു മുന്‍വശം, ഈറ്റോലിവളവ്, കുറുമണ്ണ് പോസ്റ്റ്ഓഫീസിനു മുന്‍വശം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍ കുഴികളാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഈറ്റോലിവളവിനു സമീപമുള്ള കുഴിയില്‍ വീണു യുവതിക്കു പരിക്കേറ്റു. ഇവര്‍ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.