വൈക്കത്തെ മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിൽ സിനിമാ പ്രദർശനം ഫെബ്രുവരിയിൽ
1467524
Friday, November 8, 2024 7:20 AM IST
വൈക്കം: വൈക്കം കിഴക്കേനടയിലെ കിളിയാട്ടുനടയിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്റെ നിർമാണം പൂർത്തിയായതിനെ തുടർന്ന് പെയിന്റിംഗ് ആരംഭിച്ചു. തിയറ്ററിന്റെ ചുറ്റുമതിൽ നിർമാണവും പൂർത്തിയായതോടെ തിയറ്റർ സമുച്ചയത്തിന്റെ ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികളും തുടങ്ങി.
ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി സൗന്ദര്യവത്കരണ പ്രവർത്തനങ്ങളിലേക്ക് ഉടൻ കടക്കും. അടുത്ത ഘട്ടത്തിൽ ഇന്റീരിയർ വർക്കു കൂടി പൂർത്തിയാക്കി 2025 ഫെബ്രുവരിയിൽ സിനിമ പ്രദർശനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭ പാർക്കിംഗ് സൗകര്യത്തിനും വഴിക്കുമായി അവസാനം വിട്ടു നൽകിയ പത്ത് സെന്റ് സ്ഥലത്തിന്റെ തരം മാറ്റൽ, പ്ലാൻ അംഗീകരിക്കൽ, കെട്ടിടത്തിന്റെ നമ്പറിടൽ തുടങ്ങിയ കാര്യങ്ങൾകൂടി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു.
കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടുനൽകിയ 80 സെന്റ് സ്ഥലത്താണ് തിയറ്റർ നിർമിക്കുന്നത്. 2023 ഫെബ്രുവരി 10നാണ് നിർമാണം ആരംഭിച്ചത്. തിയറ്റർ സമുച്ചയത്തിന് 20000 ചതുരശ്ര അടിയാണ് വിസ്തൃതി. 2024 ഫെബ്രുവരി ഒന്പതിനു തിയറ്ററിന്റെ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണെങ്കിലും സാങ്കേതികമായ തടസങ്ങളാണ് നിർമാണ പ്രവർത്തനങ്ങൾ നിശ്ചിത കാലാവധി കഴിഞ്ഞും നീളാൻ ഇടയാക്കിയത്.
പുതിയ തിയറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയറ്ററുകളുണ്ടാകും. സമൂഹത്തിന്റെ തിയറ്റർ സങ്കല്പത്തിൽ മാറ്റം വന്നതിനാൽ ഷോപ്പിംഗിനും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമൊക്കെ പര്യാപ്തമായ ഇടമായി തിയറ്ററിനെ മാറ്റാനാണ് കെ എഫ് ഡി സി അധികൃതരുടെ തീരുമാനം.
തിയറ്ററിനോടനുബന്ധിച്ചു പ്രധാന നിരത്തുമായി ബന്ധപ്പെട്ട് 12 മീറ്റർ വീതിയിൽ റോഡും വാഹന പാർക്കിംഗിനായി സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് കെഎസ്എഫ്ഡിസി നിർമിക്കുന്നതിന് തീരുമാനിച്ച 20 തിയറ്ററുകളിൽ ഒന്നാണ് വൈക്കത്ത് നിർമിക്കുന്നത്. തിയറ്ററിന്റെ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത് ജെ ആൻഡ് ജെ അസോസിയേറ്റ്സാണ്.