കാനനപാതയിൽ നിയന്ത്രണമരുത്: മലഅരയ മഹാസഭ
1467206
Thursday, November 7, 2024 5:48 AM IST
എരുമേലി: പരമ്പരാഗത കാനനപാതയിൽ ശബരിമല തീർഥാടനകാലത്തുകൊണ്ടുവരുന്ന സമയനിയന്ത്രണം ഘട്ടംഘട്ടമായി കാനനപാത അടയ്ക്കാനുള്ള നീക്കമാണെന്ന് ഐക്യ മലഅരയ മഹാസഭ. ഇതിനെതിരേ ഒമ്പതിന് ശരണ മന്ത്ര പ്രയാണ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മാത്രം വരുമാനം ലഭിക്കുന്നതിനുവേണ്ടിയാണ് കാനനപാതയിലെ പരമ്പരാഗത ക്ഷേത്രങ്ങൾ ഒഴിവാക്കുന്നതിനു സമയനിയന്ത്രണം കൊണ്ടുവരുന്നതെന്ന് മലഅരയ ആത്മീയ പ്രസ്ഥാനമായ അയ്യപ്പധർമസംഘം സംസ്ഥാന പ്രസിഡന്റ് കെ.എൻ. പത്മനാഭൻ, ജനറൽ സെക്രട്ടറി സി.എൻ. മധുസൂദനൻ, മലഅരയ മഹാസഭ ജില്ലാ പ്രസിഡന്റ് കെ.ഡി. രാധാകൃഷ്ണൻ, സെക്രട്ടറി കെ.കെ. രാജൻ എന്നിവർ ആരോപിച്ചു.
മലഅരയ സമുദായം നൂറ്റാണ്ടുകളായി നടത്തിവരുന്ന കാനനപാത പൂജ ഒന്പതിന് കാളകെട്ടി അഴുത കടവിൽ നടത്തും. തുടർന്ന് നടക്കുന്ന ശരണമന്ത്ര പ്രയാണത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.