തുരുത്തിയില്‍ പാടശേഖരത്തിലെ വെള്ളത്തില്‍ മുങ്ങിത്താണ യുവാവിന് പോലീസ് രക്ഷകരായി
1454145
Wednesday, September 18, 2024 7:12 AM IST
ചങ്ങനാശേരി: തുരുത്തി കണ്ണമാലി ആയുര്‍വേദ ആശുപത്രിക്കു സമീപമുള്ള കൃഷിയില്ലാത്ത പാടശേഖരത്തില്‍ മുങ്ങിത്താണ നിലയില്‍ കണ്ടെത്തിയ യുവാവിന് ചങ്ങനാശേരി പോലീസ് രക്ഷകരായി. ഇന്നലെ രാവിലെയാണ് സംഭവം.
പ്രദേശവാസിയായ ബ്രൂസിന്റെ സഹായത്തോടെയായിരുന്നു പോലീസിന്റെ രക്ഷാപ്രവര്‍ത്തനം. യുവാവിന്റെ നിലവിളി കേട്ടു സമീപവാസികള്‍ അറിയിച്ചതുപ്രകാരമാണ് പോലീസ് എത്തിയത്. താമസിയാതെ അഗ്നിരക്ഷാസേനയും എത്തി. സ്ഥലവാസിയായ ബ്രൂസിന്റെ സഹായത്തോടെ പോലീസ് യുവാവ് വെള്ളത്തില്‍ കുടുങ്ങിയ സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ചങ്ങനാശേരി സ്റ്റേഷനിലെ എസ്ഐ ടി.എം. ഏബ്രഹാം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണി, സിവില്‍ പോലീസ് ഓഫീസര്‍ കുര്യക്കോസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.
യുവാവിനെ ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറന്മുള സ്വദേശി ജിനുവിനെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇയാള്‍ ഇവിടെ എന്തിനു വന്നു തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ലെന്നു പോലീസ് പറഞ്ഞു.