കരിനിലം-കുഴിമാവ് റോഡ് നിര്‍മാണം; തിരുവോണദിനത്തില്‍ എംഎൽഎയുടെ വസതിക്ക് മുന്പില് പഴങ്കഞ്ഞി കുടിച്ച് സമരം
1453902
Tuesday, September 17, 2024 11:27 PM IST
കാഞ്ഞിരപ്പള്ളി: കരിനിലം-പശ്ചിമ-കൊട്ടാരംകട-കുഴിമാവ് റോഡ് നിര്‍മാണം വൈകുന്നതിനെതിരേ തിരുവോണ ദിനത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎൽഎയുടെ വസതിക്ക് മുന്പില് സമരസമിതി പ്രവര്‍ത്തകര്‍ പഴങ്കഞ്ഞി കുടിച്ച് പ്രതിഷേധ സമരം നടത്തി.
നാലു വര്‍ഷത്തിലേറെയായി തകര്‍ന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരസമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ജൂലൈ ഏഴിന് റോഡില്‍ നാളികേരം ഉടച്ച് ആദ്യഘട്ട സമരം നടത്തിയിരുന്നു. തുടര്‍ന്ന് റോഡ് നിര്‍മാണത്തിനായി ഉടന്‍ പരിഹാരം കാണുമെന്ന് എംഎല്‍എ അറിയിച്ചെങ്കിലും രണ്ടു മാസമായിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ടാംഘട്ട സമരം നടത്തിയത്.
റോഡ് നിര്‍മാണത്തിന് അനുവദിച്ചുവെന്ന് പറയുന്ന 1,21,60,000 രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ഈ റോഡില്‍ ദുരിതയാത്ര നടത്തുന്ന ആളുകള്‍ രാഷ്ട്രീയം നോക്കാതെയാണ് സമരസമിതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്‍പോട്ടു പോകുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
സമിതി ചെയര്‍പേഴ്സൺ സിനിമോള്‍ തടത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജാന്‍സി തൊട്ടിപ്പാട്ട്, വൈസ് ചെയര്മാന് സുധന് മുകളേല്‍, സെക്രട്ടറി അഖിലേഷ് ബാബു, സന്തോഷ്, പ്രസാദ് പശ്ചിമ, സുരേഷ് പശ്ചിമ, റോബിൻ കൊട്ടാരംകട, ജോസഫ് കൊട്ടാരംകട, അഖിൽ പ്ലാക്കൽ, പ്രസാദ് പ്ലാക്കപ്പടി, സലിം കരിനിലം, റെജി കൊട്ടാരംകട, അജോയ് 504 ടോപ് എന്നിവർ നേതൃത്വം നൽകി.
നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ:
സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎൽഎ
കരിനിലം-പശ്ചിമ റോഡ് പുതുക്കിയ ഭരണാനുമതി നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
റോഡ് പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിക്കുകയും കരാർ ഏറ്റെടുത്ത കോൺട്രാക്ടർ പ്രവൃത്തി പൂർത്തീകരിക്കാതെ ഉപേക്ഷിക്കുകയും ചെയ്തതാണ് റീടാറിംഗ് നടക്കാത്തതിന് കാരണം. ഒരിക്കൽ പ്രവൃത്തി നടത്താൻ ഫണ്ട് അനുവദിക്കുകയും പ്രസ്തുത തുകയ്ക്ക് റീടാറിംഗ് നടക്കാൻ ഇടയാകാതെ ഗവൺമെന്റിന് അധിക ബാധ്യത വരുന്ന സാഹചര്യത്തിൽ ചീഫ് ടെക്നിക്കൽ എക്സാമിനറും ചീഫ് എൻജിനിയറും അടക്കം ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച് അനുകൂല റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ അധിക ഫണ്ട് ലഭ്യമാവുകയുള്ളൂ. ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതിയും ആവശ്യമുണ്ട്. ഈ സാങ്കേതിക കാരണങ്ങളാലാണ് പുനരുദ്ധാരണം വൈകുന്നത്.
റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമാണം നടത്തുമെന്ന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇപ്പോൾ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ആവശ്യമുള്ള തുക അനുവദിക്കണമെന്ന് അഭ്യർഥിച്ച് ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുകൂല റിപ്പോർട്ടോടുകൂടി പ്രൊപ്പോസലും എസ്റ്റിമേറ്റും ധനകാര്യവകുപ്പിൽ സമർപ്പിച്ചിരിക്കുകയാണെന്നും ഭരണാനുമതി നേടിയെടുക്കാൻ ശ്രമിച്ചു വരികയാണെന്നും എംഎൽഎ അറിയിച്ചു. സമരങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.