മുണ്ടക്കയം-തിരുവനന്തപുരം കെഎസ്ആർടിസിയിൽ യാത്രക്കാരുടെ ഓണാഘോഷം
1453362
Saturday, September 14, 2024 11:14 PM IST
പൊൻകുന്നം: മുണ്ടക്കയം - തിരുവനന്തപുരം റൂട്ടിലോടുന്ന പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസിയിൽ യാത്രക്കാരുടെ ഓണാഘോഷം. 7.10ന് മുണ്ടക്കയത്തുനിന്ന് പുറപ്പെടുന്ന ബസിലായിരുന്നു ആഘോഷം. പലരും 20 വർഷമായി ഇതേ സർവീസിൽ യാത്ര ചെയ്യുന്നവരാണ്. ഓണാഘോഷത്തിനായി യാത്രക്കാർ ചേർന്ന് ബസ് അലങ്കരിച്ചു. യാത്രക്കാർക്ക് ഉപ്പേരിയും ശർക്കരവരട്ടിയും മിഠായിയും നൽകി.
ഇതിലെ പതിവ് യാത്രക്കാർ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുണ്ട്. അതിൽ മുൻകൂട്ടി തന്നെ ഇന്നത്തെ ഓണാഘോഷത്തെക്കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. കണ്ടക്ടർ വി.ആർ. സന്തോഷും ഡ്രൈവർ ടി.ഡി. ദിലീപ്കുമാറും ആഘോഷത്തിൽ ഒപ്പം ചേർന്നു.
സ്ഥിരം യാത്രക്കാരായ കോട്ടയം കളക്ടറേറ്റിലെ പ്ലാനിംഗ് ബോർഡ് വകുപ്പിലെ ഉദ്യോഗസ്ഥൻ പി.ആർ. ബിനോയി, കരൂർ വൈശ്യബാങ്കിലെ ഉദ്യോഗസ്ഥൻ ബിജു, കളത്തിപ്പടിയിൽ ഹെൽത്ത് സർവീസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ മിഥുൻ എന്നിവർ ചേർന്നാണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്.