ഓണം ഓണായി; ഉഷാറായി പൂവിപണി
1452314
Wednesday, September 11, 2024 12:07 AM IST
കോട്ടയം: ഓണം ഓണായതോടെ ഉഷാറായി പൂവിപണി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പൂവിനൊപ്പം ഇത്തവണ പ്രദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പൂവുകളും വില്‍പ്പനയ്ക്കുണ്ട്. ഓണപ്പൂക്കളങ്ങളില്‍ സാധാരണയുള്ള തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കൃഷ്ണകിരീടവും കാശിത്തുമ്പയുമൊക്കെ കിട്ടാനില്ലാതായതോടെയാണ് ജമന്തിയും ചെണ്ടുമല്ലിയും അരളിയും മറ്റു പലതരം വര്‍ണപ്പൂക്കളും അത്തപ്പൂക്കളത്തിലെ വര്ണങ്ങളായത്.
വീടുകളിലും സ്ഥാപനങ്ങളും അത്തപ്പൂക്കളമൊരുക്കാന്‍ പൂവിന്റെ ആവശ്യകത കൂടിയതോടെ വിലയും ഉയര്‍ന്നു. ഇന്നും നാളെയുമായി സ്കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ഓണാഘോഷം നടക്കുകയാണ്. ഇനി തിരുവോണം വരെയുള്ള ദിവസങ്ങളില്‍ പൂക്കള്‍ക്ക് നല്ല ഡിമാൻഡാണെന്ന് വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ ഒരു മാസക്കാലമുണ്ടായിരുന്ന മഴ കേരളത്തിനുപുറമേ തമിഴ്നാട്ടലെ ഗ്രാമങ്ങളെയും ബാധിച്ചത് പൂക്കളുടെ ഉത്പാദനം കുറയുന്നതിനും ഇടയാക്കിയിരുന്നു. ഇതും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. ജില്ലയിലേക്ക് കൂടുതല്‍ പൂവെത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്. കടയനല്ലൂര്‍, പുളിയന്‍കുടി, ചെങ്കോട്ട, തെങ്കാശി ഭാഗങ്ങളിലെ പാടങ്ങളില്‍ കര്‍ഷകര്‍ വിളവെടുത്ത പൂവ് മൊത്തവ്യാപാരികള്‍ പതിവായി വാങ്ങി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. കൃഷിക്ക് ആവശ്യമായ തുക മുന്‍കൂര്‍ നല്‍കിയാണ് പലപ്പോഴും വന്‍കിട വ്യാപാരികള്‍ കച്ചവടമുറപ്പിക്കുന്നത്.
ദിവസവും തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെ വിപണിയിലേക്ക് അഞ്ച് ടണ്‍ മുതല്‍ 10 ടണ്‍ വരെ പൂക്കള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുന്ന പൂക്കളുടെ അളവ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വാടാമുല്ലയ്ക്ക് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 200 രൂപമുതലാണ് വില. ബന്ദിക്ക് (മഞ്ഞ, ഓറഞ്ച്) 150 മുതല്‍ 250 വരെയാണ് വില. അരളി (സാദാ) -450, അരളി (വെള്ള) -550, അരളി ( ചുവപ്പ് ) 550, ട്യൂബ് റോസ് -400, നന്ത്യാര്‍വട്ടം -400, റോസ -450, പിച്ചി- 1600, മുല്ല -1400, താമര (ഒരെണ്ണം) - 30രൂപ, ജമന്തി (വെള്ള) -450 എന്നിങ്ങനെയാണ് നിലവിലെ കോട്ടയത്തെ വില. കുടുംബശ്രീ യൂണിറ്റുകളുടെയും മറ്റും നേതൃത്വത്തില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പൂക്കളും ഇത്തവണ വിപണിയില്‍ ധാരാളമുണ്ട്.